കളമശ്ശേരി നഗരസഭ; മാലിന്യനീക്കം വീണ്ടും പ്രതിസന്ധിയിൽ
text_fieldsകളമശ്ശേരി നഗരസഭ ഡമ്പിങ് യാർഡിൽ മാലിന്യം കെട്ടിക്കിടക്കുന്നു
കളമശ്ശേരി: വീടുകളിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യനീക്കത്തിൽ വലിയ ക്രമക്കേടുണ്ടെന്ന ആക്ഷേപം ഉയർന്നതോടെ നഗരസഭയുടെ മാലിന്യനീക്കം വീണ്ടും പ്രതിസന്ധിയിലായി. നീക്കംനിലച്ചോടെ മൂന്നുദിവസമായി ഡമ്പിങ് യാഡിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ മാലിന്യനീക്കത്തിൽ വൻ ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പിന്നാലെ കരാറുകാരൻ അഞ്ചിനകം ലഭിക്കാനുള്ള തുക നൽകിയില്ലെങ്കിൽ മാലിന്യനീക്കം നിർത്തിവെക്കുമെന്ന് കാണിച്ച് നഗരസഭക്ക് കത്ത് നൽകി. അതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം മുതൽ മാലിന്യനീക്കം തടസ്സപ്പെട്ടത്. കരാറിൽ സൂചിപ്പിച്ച വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചിരിക്കണമെന്ന നിർദേശം നടപ്പാക്കാതെയാണ് മാലിന്യനീക്കം നടത്തിവന്നത്. ഇതടക്കമുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് മാലിന്യനീക്കം നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മാലിന്യനീക്കം തടസ്സപ്പെട്ടതോടെ ആരോഗ്യ സ്ഥിരംസമിതി ചേർന്ന് കരാറുകാരനെ വിളിച്ചുവരുത്താൻ തീരുമാനിച്ചു.
കരാർ വ്യവസ്ഥകൾ പാലിച്ച് മുന്നോട്ട് പോകണമെന്ന് നിർദേശിക്കും. അല്ലെങ്കിൽ പുതിയ ടെൻഡർ വിളിക്കാനാണ് ആലോചന. ഇതെല്ലാം മുൻനിർത്തി ചൊവ്വാഴ്ച അടിയന്തര കൗൺസിലും വിളിച്ചിരിക്കുകയാണ്.