ബജറ്റിൽ കളമശ്ശേരിക്ക് 124.6 കോടി രൂപ
text_fieldsകളമശ്ശേരി: സംസ്ഥാന തലത്തിൽ പ്രാധാന്യമുള്ള പദ്ധതികൾക്കൊപ്പം മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ബജറ്റിൽ മികച്ച പരിഗണന ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ബജറ്റിൽ കളമശ്ശേരി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 124.6 കോടി രൂപ അനുവദിച്ചു. കൊച്ചി സർവകലാശാലക്കായി 31.25 കോടി രൂപയും ന്യൂറോ ഡീ ജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത്, മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 69 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചു.
നിയമ സർവകലാശാലക്ക് 12.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 15 കോടിയും സ്ട്രോക്ക് യൂണിറ്റിന് ഏഴു കോടി രൂപയും അനുവദിച്ചു. കാൻസർ സെൻററിന് 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിൻഫ്ര പാർക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടിയും ഹൈടെക് പാർക്ക് കണക്റ്റിവിറ്റി റോഡിന് 2.5 കോടിയും അനുവദിച്ചു. കെ.എസ്.ഇ.ബിയുടെ ലോഡ് ഡെസ്പാച്ച് സ്റ്റേഷൻ ആധുനികീകരണം മൂന്ന് കോടി, സ്റ്റാർട്ടപ്പുകൾക്കുള്ള ടെക്നോളജി ഇന്നവേഷൻ സോൺ 10 കോടി, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നവീകരണത്തിന് ഒരു കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. പോളിടെക്നിക്കുകളിൽ മെറ്റീരിയൽ ടെസ്റ്റിംഗ് സെൻറർ അനുവദിക്കുന്നതിനായി അനുവദിച്ച 42.89 കോടി രൂപയുടെ ഒരു വിഹിതം ഗവ. പോളിടെക്നിക്കിനും ലഭിക്കും.
അയിരൂർ പാലം നിർമ്മാണത്തിന് ആറ് കോടി, കളമശ്ശേരി നഗരസഭയിലെ മുതലക്കുഴി കൽവർട്ടിന് 1.8 കോടി, പാതാളം സ്കൂൾ രണ്ടാം ഘട്ട വികസനത്തിന് രണ്ട് കോടിയും അനുവദിച്ചു. ആലങ്ങാട് പഞ്ചായത്തിൽ ടൂറിസം കേന്ദ്രമായി വികസിപ്പിച്ച പഴന്തോടിന് ചുറ്റും റോഡ് ഇൻറർലോക്ക് പതിച്ച് നവീകരിക്കുന്നതിന് ഒരു കോടി, ആലങ്ങാട് ഫാമിലി ഹെൽത്ത് സെൻറർ കെട്ടിടം രണ്ടാം ഘട്ടം 1.6 കോടി, കടുങ്ങല്ലൂർ പഞ്ചായത്തിലെ ബഡുവ തോട് കൽവർട്ട് നിർമ്മാണം 1.2 കോടി, കൈപ്പട്ടിപ്പുഴ തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിന് 1.25 കോടി, കരുമാല്ലൂർ പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി കെട്ടിട നിർമ്മാണത്തിന് ഒരു കോടി, കുന്നുകര പഞ്ചായത്തിലെ ഹോമിയോ, ആയുർവേദ ഡിസ്പെൻസറിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.