ക്യാ ഭായി....ഇങ്ങനൊക്കെ ചെയ്യാമോ? തെരുവോരത്തെ കണിക്കൊന്നക്കൊമ്പുകൾ വെട്ടി അന്തർസംസ്ഥാനക്കാരുടെ പൂ വിൽപന
text_fieldsകുസാറ്റ് ബസ് സ്റ്റോപ്പിന് സമീപത്തെ കൊന്ന മരത്തിൽ കയറിയ അന്തർ സംസ്ഥാന വയോധികൻ താഴെ ഇറങ്ങാൻ ശ്രമിക്കുന്നു
കളമശ്ശേരി: വിഷുക്കണിക്കായുള്ള കണിക്കൊന്നക്ക് ഡിമാൻഡായതോടെ തെരുവോരത്ത് പൂത്തുലഞ്ഞു നിന്ന മരത്തിൽ കയറി ചില്ലകൾ വെട്ടി പൂ വിൽപ്പന നടത്തി അന്തർസംസ്ഥാനക്കാർ. ദേശീയ പാതയിൽ കുസാറ്റ് ബസ് സ്റ്റോപ്പിന് സമീപം പൂത്തുലഞ്ഞു നിന്നിരുന്ന കൊന്നയാണ് വെട്ടിയെടുത്ത് വിൽപന നടത്തി പണം വാരിയത്.
ആഘോഷക്കാരുടെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായതിനാൽ ഒരു പിടി പൂവിന് 10 രൂപ വാങ്ങിയിരുന്നിടത്ത് 50 രൂപ വരെ വാങ്ങിയാണ് ഇവരുടെ കച്ചവടം. ദിവസങ്ങൾക്ക് മുമ്പ് വരെ പലയിടത്തും കൊന്ന മരം നല്ല നിലയിൽ പൂത്തു നിൽക്കുന്നതായിരുന്നു കാഴ്ച. എന്നാൽ രണ്ട് ദിവസങ്ങളിലായി പെയ്ത വേനൽ മഴയിൽ പൂവുകൾ കൊഴിഞ്ഞ് വീഴുകയായിരുന്നു. അതോടെ ആവശ്യക്കാർ ഓട്ടത്തിലായി. ഇത് മുതലെടുത്താണ് പൊതുഇടത്ത് നിന്ന കൊന്ന മുറിച്ച് കച്ചവടം തകൃതിയാക്കിയത്.