സീപോർട്ട്-എയർപോർട്ട് റോഡരികിൽ പുകഞ്ഞുതീരാതെ പ്ലാസ്റ്റിക് മാലിന്യം
text_fieldsസീപോർട്ട് എയർ പോർട്ട് റോഡരികിൽ പുകയുന്ന പ്ലാസ്റ്റിക് മാലിന്യം
കളമശ്ശേരി: റോഡരികിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഉയർന്നു കൊണ്ടിരിക്കുന്ന തീയും പുകയും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നു. നാല് ദിവസങ്ങൾക്ക് മുമ്പ് സീപോർട്ട് എയർ പോർട്ട് റോഡരികിൽ കത്തിയ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഉയരുന്ന തീയും പുകയുമാണ് ഭീഷണി ഉയർത്തുന്നത്.
എച്ച്.എം.ടി റോഡിന് സമീപം സീപോർട്ട് റോഡിലെ ബിവറേജിന് എതിർവശം റോഡരികിലാണ് പ്ലാസ്റ്റിക് പുകഞ്ഞു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡരികിൽ കുമിഞ്ഞ് കിടന്ന പ്ലാസ്റ്റിക് അടങ്ങിയ മാലിന്യത്തിൽ തീ പിടിച്ചത്. സാമൂഹ്യവിരുദ്ധരുടെ പണിയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. എന്നാൽ, അടുത്ത ദിവസം മുതൽ കത്തിയ പ്ലാസ്റ്റിക്ക് എരിഞ്ഞു കൊണ്ടിരിക്കുന്നതിൽ നിന്നുള്ള തീയും പുകയും ദുർഗന്ധവും ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇത് ഏറെയും പ്രഭാത സവാരിക്കിറങ്ങുന്നവരേയും കാൽ നടയാത്രക്കാരെയുമാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തിരക്കേറിയ പാതയിൽ ഇതിന് സമീപത്തായി അപകടാവസ്ഥയിലാണ് ചരക്ക് വാഹനങ്ങൾ നിരയായി നിറുത്തിയിടുന്നത്. ഗുരുതര സാഹചര്യത്തിൽ നടപടിയോ കരുതലോ സ്വീകരിക്കാൻ ആരോഗ്യ വിഭാഗം തുനിയുന്നില്ലായെന്നാണ് ആക്ഷേപം.