ട്രെയിൻതട്ടി ഗുരുതരാവസ്ഥയിലായ ആളുമായി ആംബുലൻസ് ഡ്രൈവർ അലഞ്ഞത് മണിക്കൂറുകളോളം
text_fieldsകളമശ്ശേരി: ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിലായ രോഗിക്ക് വിദഗ്ധ ചികിത്സക്കായി ആംബുലൻസ് ഡ്രൈവർ അലഞ്ഞത് മണിക്കൂറുകളോളം. ശനിയാഴ്ച വൈകീട്ട് നാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള റെയിൽപാതയിൽ ട്രെയിൻ തട്ടിയ പച്ചാളം സ്വദേശി സുബ്രമണ്യനുമായാണ് (75) ആംബുലൻസ് ഡ്രൈവർ വയനാട് സ്വദേശി നസിൽ അലഞ്ഞത്. അപകടത്തിൽ അബോധാവസ്ഥയിലായ ആളെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ പ്രഥമ ശുശ്രൂഷ നൽകി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അവിടെ ബെഡ്ഡില്ലാത്ത കാര്യം പറഞ്ഞ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ആറ് മണിയോടെ മെഡിക്കൽ കോളജിൽ എത്തിയെങ്കിലും അവിടെയും ബെഡ്ഡില്ലാത്ത അവസ്ഥ. അതോടെ പകച്ചുപോയ ഡ്രൈവർ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു. തുടർന്ന് കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ ബന്ധപ്പെട്ടു. അവിടെയും മറുപടിക്ക് മാറ്റമില്ല.
ഈ സമയമത്രയും മറ്റ് ചികിത്സയൊന്നും ലഭിക്കാതെ പരിക്കേറ്റയാൾ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് സമീപം ആംബുലൻസിൽ വെന്റിലേറ്റർ സഹായത്തോടെ കിടക്കുകയായിരുന്നു. ഇതിനിടെ തൃശൂരിൽ നിന്ന് ബെഡ്ഡ് ഒഴിവുണ്ടെന്ന സന്ദേശം എത്തി. സംഭവം വിവാദമാകുമെന്നായതോടെ മെഡിക്കൽ കോളജ് അധികൃതർ ഒരു നഴ്സിനെ വിട്ടുനൽകി. തൃശൂരിലേക്ക് കൊണ്ടുപോകാൻ തയാറാകുന്നതിനിടെ പരിക്കേറ്റയാളുടെ ബന്ധു വിളിക്കുകയും എറണാകുളം ലിസി ആശുപത്രിയിലേക്ക് എത്തിക്കാൻ ഡ്രൈവർ നസിലിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മണിക്കൂർ പിന്നിട്ട് 8.20ഓടെ മെഡിക്കൽ കോളജിൽ നിന്നുള്ള നഴ്സിനെയും ഒപ്പം കൂട്ടി രോഗിയുമായി തിരിക്കുകയായിരുന്നു.