ചികിത്സയിലിരുന്ന മോഷണക്കേസ് പ്രതി ചാടി; മണിക്കൂറുകൾക്കകം പിടികൂടി
text_fieldsഅസദുള്ള
കളമശ്ശേരി: ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മോഷണ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറിനകം സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും പിടികൂടി. രണ്ട് ദിവസം മുമ്പ് തൃക്കാക്കര പൊലീസ് പിടികൂടിയ പശ്ചിമ ബംഗാൾ സ്വദേശി അസദുള്ളയാണ് (25) രക്ഷപ്പെടാൻ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. അറസ്റ്റിലായ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നാലാം നിലയിൽ ചികിത്സയിലായിരുന്ന ഇയാളെ സ്കാനിങ്ങിനായി ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നാം നിലയിൽ എത്തിച്ചു. ഒപ്പം ഉണ്ടായിരുന്ന പൊലീസ് സമ്മതപത്രം ഒപ്പിടാൻ നീങ്ങിയ സമയം ഇയാൾ ഇറങ്ങി ഓടി. ഒന്നാം നിലയുടെ പടികൾ കയറി തുറന്ന ഭാഗം വഴി പിന്നിലേക്ക് ചാടി ആശുപത്രി മതിൽ കെട്ടിന് പുറത്ത് കടന്നു. പിന്നാലെ പൊലീസും ആശുപത്രി സുരക്ഷാ വിഭാഗം നടത്തിയ തിരച്ചിലിനൊടുവിൽ കങ്ങരപ്പടി റോഡിന് സമീപം കുറ്റിക്കാട്ടിൽ നിന്നും 3.45ഓടെ പിടി കൂടുകയായിരുന്നു.