ഈ ഡോക്ടർ പരിസ്ഥിതിക്ക് നൽകുന്നത് ജീവന്റെ വിലയുള്ള ‘മരുന്ന്’
text_fieldsഎച്ച്.എം.ടി റോഡിലെ മീഡിയനിൽ ഡോ. തോമസ് വി.
സ്കറിയ സംരക്ഷിക്കുന്ന ചെടികൾ
കളമശ്ശേരി: തളർന്നുവീണ രോഗിയെ മരുന്ന് നൽകി ആരോഗ്യവാനാക്കി മാറ്റുന്ന അതേ കർത്തവ്യബോധത്തോടെ ഈ ഡോക്ടർ പരിസ്ഥിതിയുടെ കാര്യത്തിൽ ഇടപെട്ടു. നിത്യേനയുള്ള തന്റെ യാത്രാമധ്യേ കണ്ട കരിഞ്ഞുണങ്ങിയ ചെടികളായിരുന്നു അവിടെ രോഗിയുടെ സ്ഥാനത്ത്. ആരും പരിചരിക്കാനില്ലാതെ നശിച്ചുതുടങ്ങിയ ചെടികൾക്ക് അദ്ദേഹം വെള്ളവും വളവും നൽകി. മോടികൂട്ടാൻ കൂടുതൽ ചെടികൾ വെച്ചുപിടിപ്പിച്ച് സംരക്ഷിച്ചു. എട്ട് വർഷമായി തുടരുന്ന ഈ പ്രവൃത്തി ഏരൂർ സ്വദേശിയായ ഡോ. തോമസ് വി. സ്കറിയക്ക് ഇപ്പോൾ തന്റെ ജീവിതക്രമത്തിന്റെ ഭാഗമാണ്.
എച്ച്.എം.ടി റോഡിലെ തോഷിബ ജങ്ഷന് സമീപമുള്ള മീഡിയനിലെ ചെടികളെയാണ് ഇദ്ദേഹം ലക്ഷങ്ങൾ ചെലവിട്ട് സംരക്ഷിക്കുന്നത്. പറവൂർ മാഞ്ഞാലി മെഡിക്കൽ കോളജിൽ അനസ്തീസിയ വിഭാഗത്തിൽ അധ്യാപകനാണ് ഡോ. തോമസ്. ആദ്യം ടാങ്കറിൽ വെള്ളമെത്തിച്ച് നനച്ച് കൊടുത്തു. പിന്നാലെ ആളെ നിർത്തി കള പറിച്ചുമാറ്റി വളം നൽകി. അതോടെ ഉണങ്ങിയ ചെടികൾക്ക് ജീവൻ തുടിച്ചു. പിന്നാലെ സമയാസമയങ്ങളിൽ വെള്ളവും വളവും നൽകി.
ഇരുനൂറോളം വൃക്ഷത്തൈകൾക്കും ചെടികൾക്കുമാണ് ഇതിലൂടെ ജീവൻ വെച്ചത്. തൃപ്പൂണിത്തുറയിൽനിന്നും തൊഴിലാളികളുമായെത്തിയാണ് ചെടികൾ പരിചരിക്കുന്നത്. ഏരൂർ പാലം മുതൽ അർക്ക കടവ് റെയിൽവേ മേൽപാലം വരെ ഒന്നര കിലോമീറ്ററോളം ഡോക്ടർ ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. സഹായിക്കാൻ അവിടത്തെ റെസിഡന്റ്സ് അസോസിയേഷനുകളും സ്ഥാപനങ്ങളും ഡോക്ടർക്കൊപ്പമുണ്ട്.