കോടികളുടെ വികസനം; കുരുക്കഴിയാതെ ഇടപ്പള്ളി ടോൾ
text_fieldsഇടപ്പള്ളി ടോൾ ജങ്ഷനും കൂനംതൈക്കും മേധ്യയുള്ള യു-ടേൺ ഭാഗത്തെ
വാഹനങ്ങളുടെ നീണ്ടനിര
കളമശ്ശേരി: വികസനത്തിന് കോടികൾ െചലവിട്ടിട്ടും ഇടപ്പള്ളി ടോൾ ജങ്ഷനിലെ ഗതാഗതപ്രശ്നത്തിന് അറുതിയില്ല. പുതിയ പാലവും ഗതാഗത പരിഷ്കാരങ്ങളും വന്നിട്ടും അപകടങ്ങൾക്ക് ദിനംപ്രതിയെന്നോണം സാക്ഷ്യം വഹിക്കേണ്ടി വരുകയാണിവിടെ. രാത്രി പോലും വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയുടെ ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.
പരിഷ്കാരത്തിെൻറ ഭാഗമായി ജങ്ഷനിലെ യു-ടേൺ അടച്ച് പകരം ആലുവ ഭാഗത്തേക്കുള്ള റോഡിൽ പ്രവേശിക്കേണ്ട വാഹനങ്ങൾ ഇടപ്പള്ളി മേൽപാലത്തിനടിയിൽ പോയി കറങ്ങി വേണം പോകാൻ. അതുപോലെ ജങ്ഷനിലെത്തി പുക്കാട്ടുപടി റോഡിലേക്ക് പ്രവേശിക്കേണ്ട എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ജങ്ഷനിൽ തിരിയാനാവാതെ കൂനംതൈക്ക് മുമ്പുള്ള യു-ടേൺ തിരിഞ്ഞാണ് കടന്നുപോകുന്നത്. കളമശ്ശേരി ഭാഗത്തുനിന്ന് തുരുതുരെ വരുന്ന വാഹനങ്ങൾക്കിടെ അപകടമില്ലാതെ ഈ ഭാഗത്ത് യു-ടേൺ എടുക്കാൻ എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കഠിന പ്രയത്നം നടത്തണം. അതീവ ശ്രദ്ധയില്ലെങ്കിൽ അപകടം ഉറപ്പ്.
ഇടപ്പള്ളി ടോൾ ജങ്ഷനിലെ ഗതാഗതപ്രശ്നങ്ങളും അപകടങ്ങളും കുറക്കാൻ ഇടപ്പള്ളിയിൽനിന്ന് ഈ യു-ടേൺ വരെ നീളത്തിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനുള്ള മാസ്റ്റർ പ്ലാനുകളും തയാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നതാണ്. ഇടപ്പള്ളി ബൈപാസിലേക്കുകൂടി നീളുന്ന പ്ലാനാണ് സ്വകാര്യ കൺസൾട്ടൻസി തയാറാക്കിയത്. എന്നാൽ, ഇടപ്പള്ളി ജങ്ഷൻ മാത്രം ലക്ഷ്യം കണ്ടുള്ള പാലമാണ് യാഥാർഥ്യമായത്. ഇതോടെ കൂനിന്മേൽ കുരു എന്ന രീതിയിലായെന്നല്ലാതെ ഒരു തരത്തിലുള്ള ഗതാഗത പ്രശ്നത്തിനും ഇവിടെ പരിഹാരമായില്ല.