വൈവിധ്യങ്ങളിൽ മികവ് തീർത്ത് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ
text_fieldsലഹരിക്കെതിരെ സ്കൂൾ നിർമിച്ച ‘കൂട്ടുകാരൻ’ എന്ന ഹൃസ്വചിത്രത്തിന്റെ സ്വിച്ച്ഓൺ നടത്തിയപ്പോൾ
കാഞ്ഞിരമറ്റം: സഹപാഠികൾക്ക് വീടും ചികിത്സ സഹായങ്ങളും ഉൾപ്പെടെ ഒരുക്കി മാതൃകയാവുകയാണ് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും മികവ് തെളിയിക്കുകയാണിവർ. സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിദ്യാർഥിക്ക് മൂന്നര സെന്റ് സ്ഥലം വാങ്ങി 750 ചതുരശ്ര അടിയിൽ വീട് നിർമിച്ച് നൽകിയതാണിതിൽ ശ്രദ്ധേയം.
ചികിത്സ സഹായത്തിനായി കാരുണ്യ സ്പർശം പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. പദ്ധതിയിൽ രണ്ട് രക്ഷിതാക്കൾക്കും ഒരു വിദ്യാർഥിക്കുമുൾപ്പെടെ മൂന്നുപേർക്ക് 45,000 രൂപ വീതം സഹായ ധനവും നൽകി. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വിവിധ ബിന്നുകൾ സ്ഥാപിച്ചും റോഡരികിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് സംരക്ഷിച്ചുവരുകയും ചെയ്യുന്നു. മലിനമായി കിടക്കുന്ന സ്ഥലങ്ങളിൽ പൂന്തോട്ടം ഒരുക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂനിറ്റ് ലഹരിക്കെതിരെ നിർമിച്ച ‘കൂട്ടുകാരൻ’ എന്ന ഷോർട്ട് ഫിലിം എക്സൈസ് വകുപ്പ് ഏറ്റെടുക്കുകയും സൈറ്റിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
നാഷനൽ സർവിസ് സ്കീമിന്റെ നേതൃത്വത്തിൽ ജല പരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണവും സംഘടിപ്പിച്ചിട്ടുണ്ട്. ഊർജ സംരക്ഷണത്തിന്റെ ഭാഗമായി പവർ സംരക്ഷണ മത്സരവും വർഷത്തിൽ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സമ്മാനം നൽകുന്ന പദ്ധതിയും നടത്തുന്നുണ്ട്. ഓട്ടോമാറ്റിക് ടോയ്ലറ്റ് ക്ലീനിങ് സംവിധാനം നിർമിക്കുകയും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി ബഹുമതികളും സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. 100 അധ്യാപകരും 1800 വിദ്യാർഥികളുമാണ് സ്കൂളിലുള്ളത്.