ഈ കള്ളന് പ്രിയം ലോട്ടറി; കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ കട കുത്തി തുറന്ന് ലോട്ടറി മോഷണം പതിവാകുന്നു
text_fieldsകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ ഭാഗ്യാന്വേഷിയായ ലോട്ടറി മോഷ്ടാവ് വിലസുന്നു. ബസ് സ്റ്റാൻഡിലെ ലോട്ടറി കടകൾ കുത്തിത്തുറന്ന് ലോട്ടറി മോഷ്ടിക്കുന്നത് പതിവായി. കഴിഞ്ഞദിവസം സ്റ്റാൻഡിലെ ലോട്ടറിക്കടയുടെ പൂട്ട് തകർത്ത് അകത്തുകടന്ന് മുഴുവൻ ലോട്ടറികളും മോഷ്ടാവ് കൈക്കലാക്കി. കൂടാതെ കടയിൽ ഉണ്ടായിരുന്ന 3000 രൂപയും കവർന്നു.
ഏതാനും ആഴ്ച മുമ്പ് സ്റ്റാൻഡിലെ തന്നെ മറ്റൊരു ഹോൾസെയിൽ കടയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ഷട്ടർ ഉയർത്താൻ കഴിഞ്ഞില്ല. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിക്കാഞ്ഞത് മൂലം മോഷണം പതിവായിരിക്കുകയാണെന്നാണ് കടയുടമകളുടെ പരാതി.