മില്ലുങ്കല്‍ തോട് നശിക്കുന്നു; ടൂറിസം പദ്ധതി പൊടിപൊടിക്കുന്നു
text_fieldsപായല്‍ നിറഞ്ഞ കാഞ്ഞിരമറ്റം മില്ലുങ്കല്‍ തോടിനോടു ചേര്‍ന്ന് മുമ്പ് സ്ഥാപിച്ച ടൂര്‍ ഐലന്റ് പേരിലെ ബോര്‍ഡ് നശിച്ച നിലയില്‍
കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്തിലെ അഭിമാനപദ്ധതികളിലൊന്നായ മില്ലുങ്കല്‍ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായെങ്കിലും തൊട്ടടുത്ത് അവഗണനകളുടെ ബാക്കിപത്രമായി നശിക്കുകയാണ് കാഞ്ഞിരമറ്റം മില്ലുങ്കല്‍ തോട്. ഒരുകാലത്ത് ചരക്കു നീക്കത്തിനും മറ്റും പല ഭാഗങ്ങളില്‍ നിന്നായി നിരവധിപ്പേര്‍ ജലമാര്‍ഗമായി എത്തിച്ചേര്‍ന്ന ഇടമാണ്. കുമരകം, കൊച്ചി, ബോള്‍ഗാട്ടി പാലസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ബോട്ട് യാത്ര നടത്തുന്നതിനായുള്ള പദ്ധതിയുടെ 'ടൂര്‍ ഐലൻഡ്' എന്ന പേരിലെ തുരുമ്പെടുത്ത ബോര്‍ഡ് മാത്രം ഇപ്പോള്‍ അവശേഷിക്കുന്നു. റോഡ് വികസനം തകൃതിയായതോടെയാണ് ജലപാത അവഗണിക്കപ്പെട്ടത്. മില്ലുങ്കല്‍ തോടിന്റെ വീതി കുറഞ്ഞു.
പായലും മാലിന്യവും കുന്നുകൂടി. 2019 ല്‍ ജലസേചനവകുപ്പില്‍ നിന്നും 15 ലക്ഷം രൂപ മുടക്കി ചെളി കോരിയും പായല്‍ നീക്കിയും തോട് നവീകരിച്ചിരുന്നു. വേലിയേറ്റം ശക്തമാകുമ്പോള്‍ കോണോത്തുപുഴയില്‍ നിന്നുമാണ് തോട്ടിലേക്ക് പായല്‍ കയറുന്നത്. ഇത് ഒഴിവാക്കാനായി കോണോത്തുപുഴയും തോടും സംഗമിക്കുന്ന ചിറയ്ക്കല്‍ ഭാഗത്ത് ഫ്ളോട്ടിങ് നെറ്റ് സ്ഥാപിക്കുക, തോടിന്റെ തകര്‍ന്ന സംരക്ഷണഭിത്തികള്‍ നിര്‍മിക്കുക, വര്ഷാവര്ഷങ്ങളില് തോടിന്റെ ആഴം കൂട്ടി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയെങ്കില്‍ മാത്രമേ മുടക്കുന്ന ലക്ഷങ്ങള്‍ക്ക് ഫലം ലഭിക്കൂ. തോട് സംരക്ഷണത്തിന്റെ ഭാഗമായി റോഡിനോടു ചേര്‍ന്ന് ഇരുമ്പുവേലികള്‍ തീര്‍ത്തിരുന്നു. എല്ലാം തുരുമ്പെടുത്ത് നശിച്ച് കാടുപിടിച്ച അവസ്ഥയിലാണ്. നിയന്ത്രണം വിട്ട് വാഹനങ്ങള്‍ തോട്ടില്‍ വീണ് അപകടവും സംഭവിക്കാറുണ്ട്.
ആമ്പല്ലൂര്‍ പഞ്ചായത്തിലെ മുഖ്യ ടൂറിസം ഹബ്ബുകളിലൊന്നാക്കി മാറ്റാവുന്ന ഇടമാണ് മില്ലുങ്കല്‍ ജങ്ഷന്. നിലവില്‍ ഒന്നാം ഘട്ടമെന്ന നിലയില്‍ ജില്ല പഞ്ചായത്തും ടൂറിസം പ്രമോഷന് കൗണ്‍സിലുമായി ചേര്‍ന്ന് ടൂറിസം വകുപ്പിനു കീഴില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മിച്ചിട്ടുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെ ഇന്ത്യന്‍ കോഫീ ഹൗസും പ്രവര്‍ത്തിക്കുന്നു.
ടൂറിസം വികസനത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ നിരവധി ആകര്‍ഷണങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി പെഡല്‍ ബോട്ടിങ്, 750 മീറ്റര്‍ നീളത്തില്‍ വാക്ക് വേ, ഇടയ്ക്കിടക്കായി ഇരിപ്പിടങ്ങള്‍, ഒരു മഴവില്‍പാലം എന്നിവയും വരാനിരിക്കുന്ന പ്രധാന പദ്ധതികളാണ്.