റോഡ് അവസാനിക്കുന്നത് കുഴിയില്‍ യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
text_fieldsറോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ പാതിവഴിയിലായ കാഞ്ഞിരമറ്റം കണിയാംകുന്ന് ഇടറോഡ്
കാഞ്ഞിരമറ്റം: അറ്റമില്ലാത്ത റോഡിലൂടെ ഇറങ്ങിയ ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കുത്തനെ ഇറക്കമുള്ള റോഡിലൂടെ അപകടം അറിയാതെ ബൈക്കില്‍ വന്ന യുവാവാണ് നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
കാഞ്ഞിരമറ്റം പള്ളിയാംതടം കണിയാംകുന്ന് പ്രദേശത്തു നിന്നും മില്ലുങ്കല്‍ ജങ്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇടറോഡാണ് കുറച്ചു ഭാഗം മാത്രം കൂടിച്ചേരാത്തതിനാല്‍ അപകടാവസ്ഥയില്‍ കിടക്കുന്നത്. റോഡിന്റെ കാല്‍ഭാഗം മാത്രമാണ് പണിപൂര്‍ത്തിയാക്കാനുള്ളത്. എന്നാല്‍ റോഡിനിരുവശത്തുമുള്ള സ്ഥലമുടമകളില്‍ ഒരാള്‍ തടസം നില്‍ക്കുന്നതാണ് റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്.
ആമ്പല്ലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെടുന്നതാണ് ഈ റോഡ്. രണ്ടു വര്‍ഷം മുമ്പാണ് സമീപവാസികള്‍ റോഡിനായി സ്ഥലം വിട്ടുനല്‍കിയത്. എന്നാല്‍ ഒരാള്‍ മാത്രം സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാകാത്തതാണ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങാന്‍ കാരണമായത്. ഇതുമൂലം കാല്‍നട യാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണ്. തര്‍ക്കത്തിലുള്ള സ്ഥലം വരെ കോണ്‍ക്രീറ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ കുത്തനെയുള്ള ഇറക്കമായതിനാല്‍ മുകളില്‍ നിന്നും വരുന്ന ചില വാഹനങ്ങള്‍ അപകടം അറിയാതെ ഇറങ്ങി വരുന്നതു മൂലം റോഡ് തീരുന്ന ഭാഗത്തെ കുഴിയിലേക്ക് വീണ് വന്‍ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. എത്രയും വേഗം പഞ്ചായത്ത് അധികൃതര്‍ ഈ റോഡിന്റെ അപകടാവസ്ഥ നീക്കി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.