മുന്നോട്ട് ഓടാൻ ഇന്ധനമായി പദ്ധതികൾ
text_fieldsകൊച്ചി: സർവിസ് നടത്തുന്ന ട്രെയിനുകളുടെ ടിക്കറ്റ് വരുമാനം മാത്രമല്ല കൊച്ചി മെട്രോയുടെ കൈമുതൽ. വ്യത്യസ്ഥ പദ്ധതികളിലൂടെ വിവിധ മേഖലകളെ സ്പർശിക്കുംവിധമുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. യാത്രക്കാരുടെ സൗകര്യങ്ങൾ പരിഗണിച്ചുള്ള സേവന പ്രവർത്തനങ്ങൾ മുതൽ കൊച്ചി മെട്രോയുടെ വരുമാന വർധനക്ക് ആവശ്യമായ നൂതന പദ്ധതികൾ വരെ അക്കൂട്ടത്തിൽ ഉൾക്കൊള്ളുന്നു.
നഗരത്തിൽ ഉത്സവങ്ങൾ, മെഗാ ഇവൻറുകൾ എന്നിവ നടക്കുമ്പോൾ ട്രെയിൻ സർവിസുകളുടെ സമയം വർധിപ്പിക്കുക, യാത്രക്കാരെ ആകർഷിക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുക, തിരക്കില്ലാത്ത സമയങ്ങളിൽ പ്രത്യേക ഇളവുകൾ വാഗ്ദാനം ചെയ്യുക, ഗ്രൂപ്പ് ബുക്കിങ് സൗകര്യം നൽകുക, ഫീഡർ ബസ് ലഭ്യമാക്കുക തുടങ്ങി യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
കൊച്ചി വൺ കാർഡ്, വാട്ട്സപ്പ് മുഖാന്തിരമുള്ള ടിക്കറ്റിങ് തുടങ്ങിയ സേവനങ്ങൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുത്താനാകുന്നു. 2.75 ലക്ഷം കൊച്ചി വൺ കാർഡുകളാണ് ഇതുവരെ നൽകിയിരിക്കുന്നത്.
ടിക്കറ്റിതര വരുമാനത്തിലെ കോടിക്കിലുക്കം
ടിക്കറ്റിതര വരുമാനമായി 2024- 25 സാമ്പത്തിക വർഷത്തിൽ 55.41 കോടി രൂപയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കിട്ടിയത്. മുൻ വർഷങ്ങളിലേത് കൂടി കൂട്ടിയാൽ ആകെ 301.99 കോടി രൂപയാണ് ആകെ ലഭിച്ചത്. കൺസൾട്ടൻസി വരുമാനമായി ആകെ 27.12 കോടിയും മറ്റ് വരുമാനങ്ങളായി 58.69 കോടിയും ലഭ്യമായി.
ഓഫിസുകൾക്കും കടകൾക്കുമുള്ള സ്ഥലം വാടകക്ക് കൊടുക്കൽ, ട്രെയിനുകളിലും മെട്രോ സ്റ്റേഷനുകളിലും പരസ്യങ്ങൾ പതിപ്പിക്കാൻ അനുവാദം നൽകൽ, മെട്രോ സ്റ്റേഷനുകളുടെ പേരിനൊപ്പം വ്യപാര വാണിജ്യ സ്ഥാപനങ്ങളുടെ പേരുകൾ കൂട്ടിച്ചേർക്കാൻ അനുവാദം നൽകൽ, തുടങ്ങിയ നിരവധി ടിക്കറ്റിതര വരുമാന മാതൃകകളും സ്വീകരിച്ച് യാത്രക്കാരിൽ നിന്നല്ലാതെ കൊച്ചി മെട്രോ വരുമാനം കണ്ടെത്തുന്നുണ്ട്.
പത്ത് ലക്ഷം യാത്രക്കാരിലേക്ക് ഫീഡർ ബസ്
മെട്രോ കടന്നുപോകാത്ത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ മെട്രോ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന ഫീഡർ ബസുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വരും ദിവസങ്ങളിൽ പത്ത് ലക്ഷത്തിലേക്ക് എത്തുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
അഞ്ച് റൂട്ടുകളിലായി 15 ബസുകളാണ് നിലവിൽ സർവിസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ഇലക്ട്രിക് ബസുകളാണ് സജ്ജമായി വിവിധ മെട്രോ സ്റ്റേഷനുകൾക്ക് മുന്നിൽ കാത്തുകിടക്കുക. ആലുവ- നെടുമ്പാശ്ശേരി വിമാനത്താവളം, കളമശ്ശേരി- എറണാകുളം ഗവ. മെഡിക്കൽ കോളജ്, കളമശ്ശേരി- ഇൻഫോപാർക്ക്, എം.ജി റോഡ്- ഹൈകോർട് സർക്കുലർ സർവിസ് എന്നിവയാണ് റൂട്ടുകൾ. കളമശേരിയില്‍ നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡര്‍ ബസ് സര്‍വിസ് ഇന്‍ഫോ പാര്‍ക്ക് ഫേസ്-2 ലേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്.
എം.ജി റോഡ്-ഹൈകോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ആരംഭിച്ച സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് റൂട്ടിന് സ്ത്രീകളുടെ ഇടയില്‍ വന്‍ സ്വീകാര്യത ലഭിച്ചതായി കോഴിക്കോട് എന്‍.ഐ.ടി വിദ്യാർഥികളുടെ സർവേയിൽ കണ്ടെത്തിയിരുന്നു. റൂട്ടില്‍ പതിവായി യാത്രചെയ്യുന്നവരില്‍ പകുതിയിലേറെയും സ്ത്രീ യാത്രക്കാര്‍. ഈ റൂട്ടിലെ യാത്രക്കാരുടെ ശരാശരി പ്രായം 37. ഈ റൂട്ടിലെ യാത്രക്കാരില്‍ 51 ശതമാനമാണ് സ്ത്രീകള്‍.
യാത്രക്കാരില്‍ 49 ശതമാനമാണ് പുരുഷന്മാര്. പൂര്‍ണമായും ശീതീകരിച്ച ഇ- ബസ് വാട്ടര്‍ മെട്രോ, മെട്രോ റെയില്‍, റെയില്‍വേ സ്റ്റേഷന്, പ്രധാന ഷോപ്പിങ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവയെ കണക്ട് ചെയ്യുന്നു. 20 രൂപക്ക് ഈ റൂട്ടില്‍ എവിടേക്കും യാത്ര ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്.
എല്ലാ മെട്രോ സ്റ്റേഷനുകളിലും ഫീഡർ ഓട്ടോറിക്ഷകൾ സേവനം നടത്തുന്നുണ്ട്. ഓട്ടോറിക്ഷ സഹകരണ സംഘവുമായി ചേർന്നാണ് പ്രവർത്തനം. കൊച്ചി മെട്രോ വാങ്ങിയ ഓട്ടോറിക്ഷകൾ സംഘത്തിന് ടെൻഡർ ചെയ്ത് നൽകുകയാണ് ചെയ്തിരിക്കുന്നത്. അവർ പ്രതിമാസ വാടക കെ.എം.ആർ.എല്ലിന് നൽകുന്നതാണ് രീതി.
നിരക്ക് വർധിച്ച വിദ്യാർഥി കൺസഷൻ
വിദ്യാർഥി കൺസഷനിൽ അടുത്തിടെയുണ്ടായ മാറ്റം വിമർശനങ്ങൾക്ക് വിധേയമായിരുന്നു. വിദ്യാർഥികൾക്കായി 45 ദിവസത്തേക്ക് 56 യാത്രകൾ നടത്താനാകുന്ന 600 രൂപയുടെ വിദ്യ45 പാസ്, 50 രൂപക്ക് ഒരുദിവസ യാത്ര സാധ്യമാകുന്ന സ്റ്റുഡൻറ് ഡേ പാസ്, ഒരുമാസ യാത്രക്കുള്ള വിദ്യ30 പാസ് എന്നിവയാണുണ്ടായിരുന്നത്. ഇവ കഴിഞ്ഞ മേയ് മാസത്തോടെ നിർത്തലാക്കുകയായിരുന്നു.
പുതിയ പ്ലാനുകൾ അവതരിപ്പിച്ചപ്പോൾ നിരക്ക് വർധിച്ചു. പ്രതിമാസ, ത്രൈമാസ പാസുകളാണ് തുടർന്ന് അവതരിപ്പിച്ചത്. വിദ്യാർഥികള്‍ക്ക് അനുവദിക്കുന്ന പ്രതിമാസ പാസിന് ഇനി 1100 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. പരമാവധി 50 യാത്ര ചെയ്യാം. പാസിന്റെ കാലാവധി എടുക്കുന്ന തീയതി മുതല്‍ 30 ദിവസമാണ്. ത്രൈമാസ പാസിന് 3000 രൂപയാണ് നിരക്ക്. മൂന്നുമാസമാണ് കാലാവധി. 150 യാത്രകൾ നടത്താം.
പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസ്സാണ്. വിദ്യാലയ മേധാവി നല്കുന്ന സാക്ഷ്യപത്രം, സ്റ്റുഡൻറ്സ് ഐ.ഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളില്‍നിന്ന് പാസ് എടുക്കാം. ശരാശരി ടിക്കറ്റ് നിരക്കില്‍നിന്ന് 33 ശതമാനം ഇളവാണ് വിദ്യാർഥികള്‍ക്ക് ലഭിക്കുന്നത്. അതേസമയം ഇന്ത്യയില്‍ നാഗ്പൂര്‍, പുണെ മെട്രോകള്‍ മാത്രമാണ് വിദ്യാർഥികള്‍ക്ക് ഡിസ്കൗണ്ട് യാത്രാപാസ് അനുവദിക്കുന്നതെന്നും അവിടെ നല്കുന്ന പരമാവധി ഡിസ്കൗണ്ട് 30 ശതമാനമാണെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ വ്യക്തമാക്കിയിരുന്നു.
(തുടരും)


