ആലപ്പുഴയിൽ ഒരാഴ്ചക്കിടെ പിടികൂടിയത് 11.5 കിലോ കഞ്ചാവ്
text_fieldsആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്ന് കഞ്ചാവ് പിടികൂടിയപ്പോൾ
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബാഗുകളിൽ ഒളിപ്പിച്ച് കഞ്ചാവ്കടത്ത് വ്യാപകം. ഒരാഴ്ചക്കുള്ളിൽ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളിൽനിന്ന് മാത്രം 11.5 കിലോ കഞ്ചാവാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ചയും സമാനമായ സംഭവമുണ്ടായി. വൈകീട്ട് നാലിന് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽനിന്ന് ഒന്നരകിലോ കഞ്ചാവ് കണ്ടെടുത്തു.
റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബിജോയ് കുമാറിന്‍റെ നേതൃത്വത്തിൽ പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ധൻബാദ് എക്സ്പ്രസിൽ കൊണ്ടുവന്നതെന്നാണ് പ്രാഥമികനിഗമനം. രണ്ടാംപ്ലാറ്റ് ഫോമിലെ ഉപയോഗശൂന്യമായ പൊതുശുചിമുറിയോട് ചേർന്നാണ് ബാഗ് വെച്ചിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച സ്റ്റേഷനിൽനിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അന്ന് ചാക്കുകെട്ടിൽ 20 ബാഗുകളിൽ തുന്നിപിടിപ്പിച്ചാണ് 10 കിലോ കഞ്ചാവ് കടത്തിയത്. അന്നും റെയിൽവേ പൊലീസ് പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ചാക്കുകെട്ടുകൾ പരിശോധിച്ചാണ് കഞ്ചാവ് പിടികൂടിയത്. ഉടമസ്ഥനില്ലാത്ത ബാഗുകളെക്കുറിച്ച് ഇനിയും സൂചന കിട്ടാത്ത സാഹചര്യത്തിലാണ് വീണ്ടും ബാഗിൽ നിറച്ച് കഞ്ചാവ് എത്തിയത്.


