ഏഴ് വർഷത്തിനിടെ ജില്ലയിൽ തരം മാറ്റിയത് 1649.8692 ഹെക്ടർ ഭൂമി
text_fieldsകൊച്ചി: ഏഴ് വർഷത്തിനിടെ ജില്ലയിൽ തരംമാറ്റിയത് 1649. 8692 ഹെക്ടർ ഭൂമി. 2018 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി നടപ്പാക്കിയ ശേഷമാണ് ഈ തരംമാറ്റൽ. സംസ്ഥാനത്ത് തന്നെ തരംമാറ്റലിൽ രണ്ടാം സ്ഥാനം ജില്ലക്കാണ്. 2150. 5878 ഹെക്ടർ തരംമാറ്റിയ തൃശൂരാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. റവന്യൂ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയിൽ നിർമാണ പ്രവൃത്തികൾക്ക് അനുമതി ലഭിക്കണമെങ്കിൽ അത് പുരയിടം എന്ന് തരംമാറ്റണം. ഇതിനാണ് തരംമാറ്റൽ നടപടി ക്രമങ്ങൾ. അതുകൊണ്ട് തന്നെ ഗ്രാമ-നഗര ഭേദമന്യേ ജില്ലയിലെമ്പാടും നിയമ ഭേദഗതിയുടെ ഗുണഭോക്താക്കളേറെയാണ്.
ജില്ലയിൽ മുന്നിൽ മൂവാറ്റുപുഴ
ഇക്കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂമി തരംമാറ്റിയത് മൂവാറ്റുപുഴ താലൂക്കിലാണ്. ഏഴ് വർഷത്തിനിടെ ഇവിടെ 362. 3312 ഹെക്ടറാണ് തരംമാറ്റിയത്. 299. 4992 ഹെക്ടർ തരംമാറ്റിയ കണയന്നൂർ താലൂക്കാണ് രണ്ടാംസ്ഥാനത്ത്. കുന്നത്തുനാട്-232 ഹെക്ടർ, പറവൂർ 211.9814, ആലുവ-233, കോതമംഗലം-288. 3426 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ തരംമാറ്റൽ കണക്ക്. 22.7148 ഹെക്ടർ തരംമാറ്റിയ കൊച്ചി താലൂക്കാണ് ഈയിനത്തിൽ പിന്നിൽ. തരംമാറ്റലിലൂടെ അപേക്ഷകരിൽനിന്ന് ഫീസിനത്തിൽ കോടികളാണ് ജില്ലയിൽനിന്ന് സർക്കാർ ഖജനാവിലേക്കെത്തിയത്.
തീർപ്പായത് ആയിരക്കണക്കിന് അപേക്ഷ
ഗ്രാമ -നഗര ഭേദമന്യേ ആയിരക്കണക്കിന് അപേക്ഷകളാണ് ജില്ലയിലെ വിവിധ റവന്യൂ ഡിവിഷനൽ ഓഫിസുകളിലായി പരിഹരിക്കപ്പെട്ടത്. പരിഹാരം കാത്തുകിടക്കുന്നതും ഏറെയുണ്ട്. റവന്യൂരേഖകളിലെ അപാകത മൂലം പ്രതിസന്ധിയിലായവർക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനിറങ്ങിയ സാധാരണക്കാർക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ സർക്കാർ നിർദേശ പ്രകാരം ജില്ലയിൽ അദാലത്തുകളും സംഘടിപ്പിച്ചിരുന്നു. തരംമാറ്റത്തിന് അപേക്ഷിക്കുന്ന ഭൂമി 25 സെൻറിൽ താഴെയാണെങ്കിൽ സൗജന്യമായി തരംമാറ്റാം. 25 സന്റെ് മുതൽ ഒരു ഏക്കർ വരെ ഭൂമിക്ക് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ നിർവചന പ്രകാരമുള്ള ന്യായവിലയുടെ 20 ശതമാനം ഫീസ് അടക്കണം. തരംമാറ്റല്‍ അപേക്ഷ ലഭിച്ചാല്‍ ആർ.ഡി.ഒ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് തേടും. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ കൈകൊള്ളുന്നത്. അപേക്ഷ അംഗീകരിച്ചാൽ റവന്യൂരേഖകളിൽ മാറ്റം വരുത്തി ഭൂനികുതി അടക്കുന്നതോടെ മാറ്റം പ്രാബല്യത്തിൽ വരും.
മുതലെടുക്കാൻ ഇടനിലക്കാർ
അപേക്ഷകരുടെ എണ്ണം വർധിച്ചതോടെ തരംമാറ്റത്തിന്റെ പേരിൽ മുതലെടുക്കാൻ ഇടനിലക്കാരും രംഗത്തിറങ്ങിയിരുന്നു. തരംമാറ്റത്തിന് സഹായിക്കാമെന്ന് വാഗ്ദാനം നൽകി ഇവർ വിവിധയിടങ്ങളിൽ ബാനറുകളും ഫ്ലക്സുകളും സ്ഥാപിച്ചിരുന്നു. അപേക്ഷകരുടെ അജ്ഞത മുതലെടുത്തായിരുന്നു ഇവരുടെ രംഗപ്രവേശം. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി കലക്ടർ തന്നെ രംഗത്ത് വരികയും ചെയ്തു. എന്നാൽ, ഇപ്പോഴും ഇത്തരം ബോർഡുകൾ വ്യാപകമാണ്. അതേസമയം, തരംമാറ്റം വൻകിട ലോബികൾ മുതലെടുക്കുന്നതായ പരാതികളും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്.