29 മാസം; വാട്ടർ മെട്രോക്ക് അരക്കോടി യാത്രക്കാർ...
text_fields50 ലക്ഷം യാത്രക്കാരെന്ന ചരിത്ര നേട്ടത്തിലേക്ക് ടിക്കറ്റെടുത്ത നൈനക്ക് വാട്ടര്‍മെട്രോയുടെ ഉപഹാരം കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ സമ്മാനിക്കുന്നു
കൊച്ചി: പ്രവർത്തനമാരംഭിച്ച് രണ്ടര വർഷം തികയുന്നതിനു മുമ്പേ കൊച്ചി വാട്ടര്‍ മെട്രോയിൽ സഞ്ചരിച്ചത് അരക്കോടി യാത്രക്കാർ. ആസ്ട്രേലിയന്‍ മലയാളി ദമ്പതികളായ നൈനയും അമലുമാണ് 50 ലക്ഷമെന്ന ചരിത്രനേട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. ഒരു ചെറിയ ലൈറ്റ് ട്രന്‍സ്പോര്‍ട്ട് പ്രോജക്ട് ഇത്രയും ചുരുങ്ങിയ കാലയളവുകൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് അപൂർവമാണെന്ന് വാട്ടർ മെട്രോ അധികൃതർ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച ഉച്ചയോടെ ഫോര്‍ട്ട്കൊച്ചിയിലേക്ക് യാത്രചെയ്യാനെത്തിയ ദമ്പതികൾ ഹൈകോര്‍ട്ട് ടെര്‍മിനലിലെ കൗണ്ടറില്‍നിന്ന് ഫോര്‍ട്ട് കൊച്ചിക്ക് ടിക്കറ്റെടുത്തതോടെയാണ് യാത്രചെയ്തവരുടെ എണ്ണം അരക്കോടി കടന്നത്. ഈ ചരിത്രനേട്ടത്തിന് സാക്ഷിയായ നൈനക്ക് വാട്ടര്‍മെട്രോയുടെ ഉപഹാരം കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ സമ്മാനിച്ചു. വാട്ടർ മെട്രോ ടെർമിനലിൽ കേക്ക് മുറിച്ച് ആഘോഷവും സംഘടിപ്പിച്ചിരുന്നു.
സാധാരണക്കാർക്കും വി.വി.ഐ.പികൾക്കും പ്രിയങ്കരം...
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 2023 ഏപ്രില്‍ 25നാണ് സര്‍വിസ് തുടങ്ങിയത്. സര്‍വിസ് തുടങ്ങി ചുരുങ്ങിയ കാലംകൊണ്ടുതന്നെ ദ്വീപ് നിവാസികളായ സാധാരണക്കാരുടെ മുതല്‍ കൊച്ചിയിലെത്തുന്ന വി.വി.ഐ.പികളുടെ വരെ ആകര്‍ഷണ കേന്ദ്രമായി വാട്ടര്‍മെട്രോ സര്‍വിസ് മാറുകയായിരുന്നു. കൊച്ചി വാട്ടര്‍മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വഹണവും സര്‍വിസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാറിന് കരുത്തുപകര്‍ന്നിരിക്കുകയാണ്. ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനമികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലയളവിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കി.
ഇനിയും വരും ഒട്ടേറെ റൂട്ടുകൾ...
ഹൈകോര്‍ട്ട്, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളിലാണ് 20 ബോട്ടുകളുമായി ഇപ്പോള്‍ സർവിസ് ഉള്ളത്. അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മട്ടാഞ്ചേരി, വിലിങ്ടണ്‍ ഐലൻഡ് ടെര്‍മിനലുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് അന്തിമജോലികള്‍ പുരോഗമിക്കുകയാണ്. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം സജ്ജമാക്കും. 24 കിലോമീറ്ററോളം നീണ്ട അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതല്‍ രാത്രി ഒമ്പതുവരെ 125 ട്രിപ്പുകളാണ് പ്രതിദിനം നടത്തുന്നത്.
107 ദിവസത്തിൽ 10 ലക്ഷം പേർ...
സർവിസ് തുടങ്ങി ആദ്യത്തെ 107 ദിവസം കൊണ്ട് 10 ലക്ഷം യാത്രക്കാരെ സ്വന്തമാക്കിയ വാട്ടര്‍ മെട്രോ അടുത്ത 95 ദിവസംകൊണ്ട് യാത്രക്കാരുടെ എണ്ണം 20 ലക്ഷമാക്കി. പിന്നീടുള്ള 185 ദിവസംകൊണ്ട് യാത്രക്കാരുടെ എണ്ണം 30 ലക്ഷവും 160 ദിവസംകൊണ്ട് 40 ലക്ഷവും ആയി. തുടര്‍ന്നുള്ള 161 ദിവസം കൊണ്ട് 50 ലക്ഷവും പിന്നിട്ട് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ അടുത്ത കുതിപ്പിനുള്ള ഊര്‍ജം സംഭരിച്ച് മുന്നേറുകയാണ്.
നേട്ടത്തിനുപിന്നിൽ മികച്ച യാത്രാനുഭവം -ലോക് നാഥ് ബെഹ്റ
ചുരുങ്ങിയ റൂട്ടില്‍ സർവിസ് നടത്തി ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കാനായത് കൊച്ചി വാട്ടര്‍ മെട്രോ ഒരുക്കുന്ന ഉന്നത നിലവാരത്തിലുള്ള യാത്രാനുഭവം കാരണമാണെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്പോർട്ട്) ഷാജി പി. ജനാർദനൻ, ചീഫ് ഓപറേറ്റിങ് ഓഫീസർ സാജൻ പി. ജോൺ, ജനറൽ മാനേജർ (ഡിസൈൻസ്) എ. അജിത്, ജോയന്റ് ജനറൽ മാനേജർ (ഫിനാൻസ്) ആൻഡ് ചീഫ് ഫിനാൻസ് ഓഫീസർ ആർ. രഞ്ജിനി, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ് ആൻഡ് സോഷ്യൽ മീഡിയ) കെ.കെ. ജയകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) എൻ. നിശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി മെട്രോയിൽ ഇനി ഫ്രൈറ്റ് സർവിസും
ഡല്‍ഹി മെട്രോ ആരംഭിച്ച മാതൃകയില്‍ ഫ്രൈറ്റ് സർവിസ് സൗകര്യം കൊച്ചി മെട്രോയും ആരംഭിക്കുന്നു. തിരക്ക് കുറഞ്ഞ സമയത്ത് പെട്ടെന്ന് നശിക്കാത്ത പാക്ക് ചെയ്ത വസ്തുക്കളുടെ കൈമാറ്റത്തിനാണ് കൊച്ചി മെട്രോ അവസരമൊരുക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലായിരിക്കും ഈ സേവനം നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാ മെട്രോ ട്രെയിനുകളിലും ചരക്ക് ഗതാഗത സേവനം ആരംഭിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്നാണിത്. കൊച്ചിയിലെ ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന മെട്രോ ഫ്രൈറ്റ് സർവിസ് കെ.എം.ആര്.എല്ലിന് അധികവരുമാനത്തിന് സഹായിക്കും. മാത്രമല്ല ബിസിനസ് സ്ഥാപനങ്ങളെ കൊച്ചി മെട്രോയുമായി കൂടുതല്‍ അടുപ്പിക്കാനും ചരക്കും സേവനവും വളരെ പെട്ടെന്ന് കൈമാറാന്‍ ബിസിനസുകാര്‍ക്കും പുതിയൊരു മാര്‍ഗം തുറന്നുകിട്ടാനും ഇത് വഴിതുറക്കും. ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ contact@kmrl.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ബിസിനസ് സ്ഥാപനങ്ങളില്‍നിന്നുള്ള പ്രതികരണം അനുസരിച്ചാകും നിരക്ക്, സമയം, മറ്റു വ്യവസ്ഥകള്‍ തുടങ്ങിയവ അന്തിമമാക്കുക.