നിർമാണ മേഖലയിൽ പുത്തൻ ഉണർവ്; ഒറ്റവർഷം പണിതത് 44,038 കെട്ടിടങ്ങൾ
text_fieldsകൊച്ചി: കോവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച ആഘാതങ്ങൾക്കുശേഷം നിർമാണ മേഖലയിൽ പുത്തൻ ഉണർവെന്ന് സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പിന്റെ ബിൽഡിങ് സ്റ്റാറ്റിസ്റ്റിക്സ്. ഒറ്റവർഷം കൊണ്ട് എറണാകുളം ജില്ലയിൽ ഉയർന്നത്, പാർപ്പിടവും വാണിജ്യനിർമിതികളും ഉൾപ്പെടെ 44,038 കെട്ടിടങ്ങൾ. 2022-23 ലെ ബിൽഡിങ് സ്റ്റാറ്റിസ്റ്റിക്സാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം കെട്ടിടങ്ങൾ നിർമിച്ചതിൽ മൂന്നാം സ്ഥാനത്താണ് നമ്മുടെ ജില്ല. മലപ്പുറം 62,576 ആണ് മുന്നിൽ. 56,709 കെട്ടിടങ്ങളുയർന്ന തിരുവനന്തപുരം രണ്ടാമതാണ്. സംസ്ഥാനത്തുടനീളം 4.39 ലക്ഷം കെട്ടിടങ്ങളാണ് 2022-23 വർഷം നിർമിക്കപ്പെട്ടത്.
ഉണ്ട്, ഓലമേഞ്ഞ കെട്ടിടങ്ങളും
ഇന്നത്തെ കാലത്ത് ഓലമേഞ്ഞ കെട്ടിടങ്ങളുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ. സംസ്ഥാനത്താകെ 2022-23 കാലയളവിൽ നിർമിച്ചത് 1246 ഓലമേഞ്ഞ വീടുകളും കെട്ടിടങ്ങളുമാണ്. ഇതിൽ 275 എണ്ണവും നമ്മുടെ ജില്ലയിലാണ്. ഓടിട്ട വീടുകൾ 453. ആകെയുള്ളതിൽ 42,605 കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്തവയാണ്. ഷീറ്റ്, തടി തുടങ്ങിയ മറ്റു മേൽക്കൂരകളിൽ നിർമിച്ചത് 705 വീടുകളാണ്.
പാർപ്പിടങ്ങൾ 31,799
ഇക്കാലയളവിൽ ജില്ലയിലാകെ നിർമിക്കപ്പെട്ടതിൽ ഏറെയും വീടുകൾ ഉൾപ്പെടെ പാർപ്പിട കെട്ടിടങ്ങളാണ്. ഇത്തരത്തിൽ 31,799 പാർപ്പിടങ്ങൾ ഇന്നാട്ടിൽ ഉയർന്നു. ഇതിൽ തന്നെ വീടുകളായി നിർമിച്ചതാണ് ഏറെയും. 31,549 വീടുകൾ ഉണ്ടാക്കിയപ്പോൾ പാർപ്പിടാവശ്യത്തിനായി ഉയർന്നത് 250 ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള ഇതര കെട്ടിടങ്ങളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വീടുകൾ നിർമിക്കുന്ന കാര്യത്തിൽ ഗ്രാമീണ മേഖലയിലുള്ളവരാണ് ഏറെ മുന്നിലുള്ളത്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലായി 20,723 വീടുകൾ ഉയർന്നപ്പോൾ നഗരഭാഗങ്ങളിൽ ഇതിന്റെ പകുതി വീടുകൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ -ആകെ 10,826 വീടുകൾ.
പാർപ്പിടേതര കെട്ടിടങ്ങളുടെ എണ്ണത്തിലും സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് എറണാകുളത്തിനുള്ളത് -ആകെ 12,239. മലപ്പുറം 23,539 എണ്ണവും കോഴിക്കോട് 15,156 എണ്ണവും നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങൾ നിർമിച്ചു. ജില്ലയിലെ ആ വർഷം നിർമിച്ച ആകെ പാർപ്പിടേതര കെട്ടിടങ്ങളിൽ നല്ലൊരു പങ്കും വാണിജ്യ കെട്ടിടങ്ങളാണ്. 9594 വാണിജ്യ കെട്ടിടങ്ങളും 1099 വ്യാവസായിക കെട്ടിടങ്ങളും നിർമിച്ചപ്പോൾ 372 ഇൻസ്റ്റിറ്റ്യൂഷനൽ കെട്ടിടങ്ങളും ഉയർന്നു. ഇതെല്ലാം കൂടാതെയുള്ള കെട്ടിടങ്ങളുടെ എണ്ണം 1174 ആയിരുന്നു.
സ്ത്രീ ഉടമകൾ 8,909
ഇക്കാലയളവിലെ ആകെ കെട്ടിടങ്ങളിൽ പുരുഷൻമാരുടെ മാത്രം ഉടമസ്ഥതയിലുയർന്നത് 27,984 കെട്ടിടങ്ങളാണെങ്കിൽ സ്ത്രീകളുടെ സ്വന്തം പേരിലുള്ളത് 8,909 കെട്ടിടങ്ങളാണ്. 6463 കെട്ടിടങ്ങൾ സ്ത്രീ-പുരുഷ കൂട്ടുടമസ്ഥതയിലുള്ളവയാണ്. ഇതു കൂടാതെ സർക്കാർ സ്ഥാപനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിൽ 239 കെട്ടിടങ്ങളും മറ്റുള്ളവരുടെ ഉടമസ്ഥതയിൽ 443 കെട്ടിടങ്ങളും നിർമിക്കപ്പെട്ടു. ജില്ലയിലെ കെട്ടിടങ്ങളുടെ ഉടമസ്ഥതയിലെ പുരുഷ സ്ത്രീ അനുപാതം 3.14:1 ആണ്.
കെട്ടിടങ്ങളുടെ കണക്ക് ഇങ്ങനെ (2022-23)
ആകെ നിർമിച്ചത് 44,038
പാർപ്പിടം 31,799
വീടുകൾ 31,549
മറ്റുള്ളവ 250
******************************
പാർപ്പിടേതരം 12,239
വാണിജ്യം 9,594
വ്യവസായം 1,099
ഇൻസ്റ്റിറ്റ്യൂഷനൽ 372
മറ്റുള്ളവ 1,174