കോടതി സമക്ഷം‘കുരുങ്ങി’ 704 പോക്സോ കേസ്?
text_fieldsകെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ല. തിരുവനന്തപുരമാണ് ഇക്കാര്യത്തിൽ മുന്നിൽ (1370- കേസ്)
കൊച്ചി: അതിവേഗ വിചാരണക്കായി പ്രത്യേക കോടതികളുണ്ടായിട്ടും ജില്ലയിലെ വിവിധ പോക്സോ കോടതികളിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നത് 704 പോക്സോ കേസ്. സംസ്ഥാനത്താകെ 6522 പോക്സോ കേസുകളാണ് ഇത്തരത്തിൽ തീർപ്പാക്കാനുള്ളത്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലക്കുള്ളത്.
തിരുവനന്തപുരമാണ് ഇക്കാര്യത്തിൽ മുന്നിൽ(1370- കേസ്). ഇക്കഴിഞ്ഞ ദിവസം നടന്ന നിയമസഭ സമ്മേളനത്തിലെ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കൊച്ചി എം.എൽ.എ കെ.ജെ. മാക്സിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി കണക്കുകൾ പങ്കുവെച്ചത്.
കേസുകൾ കൂടുതൽ റൂറലിൽ
കൊച്ചി സിറ്റി പരിധിയിലേക്കാൾ കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് റൂറൽ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിലാണ്. പലപ്പോഴും സിറ്റിയിലേതിനേക്കാൾ ഇരട്ടി കേസുകൾ റൂറലിൽ വരുന്നുണ്ട്. 2025 ജനുവരി മുതൽ ജൂലൈ അവസാനം വരെ ജില്ലയിൽ ആകെ 258 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നഗരപരിധിയിൽ 94 കേസും ഗ്രാമീണ മേഖലയിൽ 164 കേസുമുൾപ്പെടെയാണിത്. ഇക്കാലയളവിൽ സംസ്ഥാനത്താകെ 2811 കേസ് രജിസ്റ്റർ ചെയ്തു. 2024ൽ സിറ്റിയിൽ 167 കേസ് വന്നപ്പോൾ റൂറലിൽ 270 കേസുണ്ടായി. 2023ൽ സിറ്റിയിൽ 159 കേസുകളായിരുന്നു, റൂറലിൽ 325ഉം. 2022ൽ ആകെയുള്ള 431 കേസിൽ 269 എണ്ണവും റൂറലിൽ രജിസ്റ്റർ ചെയ്തവയാണ്, 162 കേസാണ് സിറ്റിയിൽ നിന്നുള്ളത്.
കാലതാമസത്തിന് പിന്നിലെന്ത്?
പോക്സോ കേസുകളുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത് പ്രധാനമായും ഫോറൻസിക് ലാബുകളുടെ സഹായത്തോടെയാണ്. ലാബുകളിലെ മാനവശേഷിയിലുള്ള അപര്യാപ്തതയാണ് പ്രധാനമായും കേസ് തെളിയിക്കുന്നതിനും തീർപ്പാക്കുന്നതിലും പ്രതിസന്ധിയാവുന്നത്. ലാബുകളിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കുന്നതിന് കാലതാമസമുണ്ടാവുകയും ഇത് കേസിന്റെ വിചാരണയെ വൈകിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിന് ഫോറൻസിക് സയൻസ് ലബോറട്ടറികളിൽ 28 സയന്റിഫിക് ഓഫിസർ തസ്തികകൾ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, പോക്സോ കേസുകളുടെ വിചാരണ, കോടതിയുടെ പ്രവർത്തനം തുടങ്ങിയവ വിലയിരുത്താൻ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി പ്രവർത്തിക്കുന്നു. പ്രത്യേക പോക്സോ കോടതികൾ സ്ഥാപിച്ചതിലൂടെ തീർപ്പാക്കപ്പെടുന്ന കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
പോക്സോ കോടതികൾ ഇവയെല്ലാം...
പോക്സോ, കുട്ടികൾക്ക് നേരെയുള്ള ബലാത്സംഗം തുടങ്ങിയ കേസുകൾ വേഗത്തിൽ വിചാരണ ചെയ്യാനായി 14 എക്സ്ക്ലൂസിവ് പോക്സോ കോടതികളുൾപ്പെടെ 56 അതിവേഗ പ്രത്യേക കോടതികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
ജില്ലയിൽ പെരുമ്പാവൂർ, ആലുവ, വടക്കൻ പറവൂർ എന്നിവിടങ്ങളിലെ അതിവേഗ പ്രത്യേക കോടതികൾ, മൂവാറ്റുപുഴ അതിവേഗ സ്പെഷൽ കോടതി, എറണാകുളം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമ കേസുകളുടെ വിചാരണക്ക്) എന്നിവയാണ് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നത്. ഇതിൽ മൂവാറ്റുപുഴയിലേതാണ് സ്ഥിരം എക്സ്ക്ലൂസിവ് പോക്സോ കോടതി, പെരുമ്പാവൂരിലേത് 2021ലെ ഉത്തരവ് പ്രകാരം എക്സ്ക്ലൂസിവ് പോക്സോ കോടതിയായും വിജ്ഞാപനം ചെയ്തിട്ടുണ്ട്.


