എട്ടാണ്ടിന്റെ ട്രാക്കിൽ മെട്രോ...
text_fieldsകൊച്ചി മെട്രോ ട്രെയിൻ
2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ നിരവധി നാഴികക്കല്ലുകൾ പിന്നിട്ട് എട്ടാം പിറന്നാളും ആഘോഷിച്ച് മുന്നോട്ടുപോകുകയാണ്. കാലങ്ങൾക്കിപ്പുറം കൊച്ചിയുടെയും കേരളത്തിന്റെയാകെയും ഗതാഗത സംസ്കാരത്തെ സ്വാധീനിക്കുന്ന പദ്ധതിയായി മെട്രോ മാറിയിരിക്കുന്നു. ട്രാഫിക്ക് കുരുക്കിൽ അകപ്പെട്ട് വീർപ്പുമുട്ടുന്ന സ്ഥിതിയിൽ നിന്ന് ആവശ്യമായവർക്ക് വേഗയാത്ര സാധ്യമാക്കിയെന്നതാണ് പ്രധാന നേട്ടമായി കണക്കാക്കുന്നത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും സമീപ പ്രദേശങ്ങളിലേക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കുകയും ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് വലിയ ആശ്വാസമേകാൻ മെട്രോക്ക് സാധിച്ചിട്ടുണ്ട്.
നഗരത്തിൽ തിരക്കേറുന്ന ദിവസങ്ങളിൽ സ്വകാര്യ വാഹനങ്ങളുമായെത്തി വഴിയിൽ അകപ്പെടാതിരിക്കാൻ മെട്രോ വലിയ സഹായകമാകുന്നു. തൃപ്പൂണിത്തുറ, തൈക്കൂടം, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലെ പാർക്കിങിൽ വാഹനം നിർത്തി മെട്രോയിൽ കയറിയാൽ സുഗമായി നഗരത്തിലെ എവിടേക്കും വേഗത്തിലെത്താം. വിവിധ സ്റ്റേഷനുകളിൽ മെട്രോ ഫീഡർ ബസുകളും ഓട്ടോറിക്ഷകളും സേവനത്തിനുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രകൾക്കും മെട്രോ ഏറെ സഹായപ്രദമായി.
കോട്ടയം, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് തൈക്കൂടം, വൈറ്റില തുടങ്ങിയ മെട്രോ സ്റ്റേഷനുകളിൽ നിന്ന് കയറി ആലുവയിൽ ഇറങ്ങാം. ശേഷം ഫീഡർ ബസിൽ വിമാനത്താവളത്തിലെത്തുകയും ചെയ്യാം. അതേസമയം വാഹനപ്പെരുപ്പം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കുരുക്കിൽ നിന്ന് പൂർണമായി നഗരത്തെ കര കയറ്റിയിട്ടില്ലെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. കോവിഡാനന്തരം പൊതുഗതാഗത മേഖലയിലുണ്ടായ മാറ്റങ്ങളും ഇക്കാര്യത്തിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.
പ്രവര്‍ത്തനലാഭം; വിജയഭേരി
ചുരുങ്ങിയ വര്‍ഷംകൊണ്ട് പ്രവര്‍ത്തനലാഭം നേടിയ കൊച്ചി മെട്രോ ഇന്ത്യയിലെ മറ്റ് മെട്രോകൾക്ക് മുന്നിൽ അഭിമാനമായി ഉയർന്നുനിൽക്കുകയാണ്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷവും പ്രവർത്തന ലാഭം നേടിയാണ് മുന്നേറ്റം. 2024-’25ൽ 33.34 കോടിയുടെ പ്രവർത്തനലാഭമാണ് നേടിയത്. പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 34,10,250 യാത്രക്കാരാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ മെട്രോയിൽ യാത്ര ചെയ്തത്.
2025 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 2,38,34,180 യാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചു. കഴിഞ്ഞവര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടിയായിരുന്നു. ഈ വര്‍ഷം 3.65 കോടി യാത്രക്കാരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. മിക്കവാറും ദിവസങ്ങളിൽ ഒരുലക്ഷത്തിലേറെപ്പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ടെന്നത് കൊച്ചിയുടെ വിജയമാണ്.
മികച്ച സ്റ്റേഷനുകള്‍, വൃത്തിയുള്ളതും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ സൗകര്യങ്ങൾ, മികവുറ്റ സേവനം, ജീവനക്കാരുടെ മികച്ച സമീപനം തുടങ്ങിയവ മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.


