ആറ് വർഷം 85 ഡങ്കിപ്പനി മരണം
text_fieldsകൊച്ചി: ജില്ലയിൽ ആറു വർഷത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ജീവൻ പൊലിഞ്ഞത് 85 പേർക്ക്. 2020 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഈ മരണങ്ങൾ. ഏറ്റവുമധികം മരണം ഉണ്ടായത് 2023ലാണ്. 27 പേർക്ക് ഇതേ വർഷം ഡെങ്കിപ്പനി മൂലം ജീവൻ നഷ്ടമായെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഈ വർഷം ഇതിനകം 10 പേർ ഡെങ്കിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള ആരോഗ്യവകുപ്പിന്റെ മറുപടിയിലാണ് കൊതുകുജന്യ രോഗങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ നടന്നതും എറണാകുളം ജില്ലയിലാണ്. ആറു വർഷക്കാലയളവിൽ ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട 15 പേരാണ് മരിച്ചത്. 2023, 2025 വർഷങ്ങളിൽ ഓരോ മലേറിയ മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒറ്റദിവസം 13 കേസുകൾ
ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 27 പേർക്കാണ്. ഒക്ടോബർ 31ന് മാത്രം 13 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 12 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. ചൂർണിക്കര, തമ്മനം എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ വീതവും ചിറ്റാറ്റുകര, കാലടി, കരുമാല്ലൂർ, കീഴ്മാട്, കോടനാട്, കുമാരപുരം, മുനമ്പം എന്നിവിടങ്ങളിൽ ഓരോ കേസുമാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 30ന് രണ്ടിടത്ത് രോഗം സ്ഥിരീകരിച്ചു, 15 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. 29ന് സ്ഥിരീകരിച്ചത് മലയിടംതുരുത്ത്, കാക്കനാട്, തുറവൂർ, മങ്ങാട്ടുമുക്ക്, ഇടക്കൊച്ചി, അങ്കമാലി, ഒക്കൽ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. അന്നേ ദിവസം 26 പേർക്ക് സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തു.
ചിക്കൻപോക്സും പടരുന്നു
ചിക്കൻപോക്സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും വ്യാപിക്കുകയാണ്. ഒക്ടോബർ 31ന് 13 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു.നാലുപേർക്ക് ഇൻഫ്ലുവൻസയും നാലുപേർക്ക് ഹെപ്പറ്റൈറ്റിസ് എയും റിപ്പോർട്ട് ചെയ്തു. ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടുതലേദിവസം 12 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചപ്പോൾ നാലുപേർക്ക് ഹെപ്പറ്റൈറ്റിസും റിപ്പോർട്ട് ചെയ്തു.


