Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ വീശിയടിച്ച് തൂഫാൻ... ഇതുവരെ അറസ്റ്റിലായത് 852 പേർ

text_fields
bookmark_border
ലഹരിക്കെതിരെ വീശിയടിച്ച് തൂഫാൻ... ഇതുവരെ അറസ്റ്റിലായത് 852 പേർ
cancel

കൊച്ചി: കേരളത്തിലെ കുട്ടികളെയും യുവതലമുറയെയും കാർന്നുതിന്നുന്ന ലഹരി മാഫിയയുടെ അടിവേരറുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓപറേഷൻ തൂഫാൻ ദി നാർകോ ഹണ്ട് ജില്ലയിലുടനീളം കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു. ജൂൺ രണ്ടിന് തുടക്കമിട്ടശേഷം ഓപറേഷൻ തൂഫാനിലൂടെ ജില്ലയിലുടനീളം ലഹരി കേസുകളിൽ പിടിയിലായത് 852 പേരാണ്. ഇതിൽ തന്നെ ഏറെയും ചെറുപ്പക്കാരും അന്തർസംസ്ഥാന തൊഴിലാളികളുമാണ്.

കൊച്ചി സിറ്റി പൊലീസ് പരിധിയിലും എറണാകുളം റൂ‍റൽ പൊലീസ് പരിധിയിലും തൂഫാൻ പരിശോധനകളും നടപടികളും പുരോഗമിക്കുന്നുണ്ട്. സിറ്റിയിൽ നിന്നുമാത്രം പിടിയിലായത് 531 പേരാണ്. ജില്ലയിൽ 780 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു. നഗരപരിധിയിൽ 492 കേസുകളും റൂറൽ മേഖലയിൽ 288 കേസുകളുമാണ് എടുത്തത്. 150 കിലോയിലേറെ കഞ്ചാവ് ഇക്കാലയളവിൽ പിടികൂടി. അതിമാരകമായ എം.ഡി.എം.എ മാത്രം ജില്ലയിൽനിന്ന് അരക്കിലോയോളം പിടികൂടിയിട്ടുണ്ട്. സിറ്റിയിലാണ് എം.ഡി.എം.എയുടെ വിപണനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതും പിടികൂടിയതും. നഗരത്തിൽ 480 ഗ്രാം എം.ഡി.എം.എയും റൂറലിൽ 11 ഗ്രാം എം.ഡി.എം.എയും പിടികൂടി. റൂറലിൽ 800 ഗ്രാം ഹഷീഷ് ഓയിലും സിറ്റിയിൽ 33.97 ഗ്രാമും പിടികൂടി. കൊച്ചി നഗരത്തിൽ 1834 റെയ്ഡുകളാണ് ഇതിനകം നടത്തിയത്.

ഞെട്ടിച്ച ഹൈബ്രിഡ് കഞ്ചാവുവേട്ട...

കേരളത്തെ ഞെട്ടിച്ച ഹൈബ്രിഡ് കഞ്ചാവ് വേട്ട പെരുമ്പാവൂരിൽ നടന്നത് ദിവസങ്ങൾക്കുമുമ്പാണ്. ദമ്പതികളിൽനിന്ന് 18 കോടി വിലവരുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം ഓപറേഷൻ തൂഫാനിൽ പങ്കാളികളായ പൊലീസിന്‍റെ തൊപ്പിയിലെ പൊൻതൂവലുകളിലൊന്നാണ്. ഇതുമായി ബന്ധപ്പെട്ട് എട്ട് പ്രതികളേയും നാല് ആഡംബര വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. വിദേശത്തു നിന്നെത്തിച്ച ഹൈബ്രിഡ് കഞ്ചാവ് വിൽക്കുന്നതിനായി ഇവർ ഫ്ലാറ്റ് വാടകക്കെടുത്ത് കഴിയുകയായിരുന്നു. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിന്‍റെ സ്കൂട്ടറിൽനിന്ന് കണ്ടെടുത്ത 1.25 കിലോ ഹൈബ്രിഡ് കഞ്ചാവിൽ നിന്നാണ് നാടിനെ ഞെട്ടിച്ച ലഹരിവേട്ടയുടെ തുടക്കം. പെരുമ്പാവൂർ തെക്കുംഭാഗം കുന്നുവഴിയിലെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് 16 കിലോയിലേറെ ഹൈബ്രിഡ് കഞ്ചാവ് കൂടി പിടിച്ചെടുത്തു. തുടർന്ന് ഇയാളെയും ഭാര്യ അനഘയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടരന്വേഷണത്തിൽ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളായ അഞ്ചുപേർ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. പാലക്കാട് മുണ്ടൂര്‍ സ്വദേശി അബു താഹിര്‍, ഒറ്റപ്പാലം തൃക്കടീരി ഹരികൃഷ്ണന്‍, പാലക്കാട് കടമ്പഴിപ്പുറം പ്രെസ്ജിത്ത്, ഒറ്റപ്പാലം പനമണ്ണ ശ്രീജേഷ്, ഒറ്റപ്പാലം ചളവറ സഞ്ജയ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. തായ്‌ലന്‍ഡിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളാണ് ഇവർ.

കൊച്ചിയുടെ ചീത്തപ്പേര് മാറാൻ...

കുറേ കാലമായി കേരളത്തിലെ ലഹരി വസ്തുക്കളുടെ പ്രധാന ഹബ്ബായി മാറിയിരിക്കുകയാണ് കൊച്ചി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുൾപ്പെടെ അതിമാരക ലഹരികളായ എം.ഡി.എം.എ, കൊക്കെയ്ൻ, നൈട്രോസെപാം, മെത്താംഫിറ്റമിൻ തുടങ്ങിയവ യഥേഷ്ടം മെട്രോ നഗരത്തിലേക്കും പരിസരങ്ങളിലേക്കും ഒഴുകുകയാണ്. നഗരത്തിലെ ആഡംബര ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, ഫോർട്ട് കൊച്ചി, കലൂർ സ്റ്റേഡിയം പരിസരം, മറൈൻ ഡ്രൈവ്, മറ്റ് ആളൊഴിഞ്ഞ ഇടങ്ങൾ, ഓയോ മുറികൾ എന്നിവ ലഹരി സംഘങ്ങളുടെ പ്രധാന താവളങ്ങളാണ്.

പ്രമുഖരും വിദ്യാർഥികളും ഉൾപ്പെടുന്ന വലിയ ശൃംഖലതന്നെ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ലഹരി ഉപയോഗത്തെ തുടർന്നുള്ള ആക്രമണങ്ങളും കൊലപാതകവും വധശ്രമങ്ങളുമെല്ലാം വേറെ. ലഹരി കേന്ദ്രം എന്ന കൊച്ചിയുടെ ചീത്തപ്പേര് ഓപറേഷൻ തൂഫാനിലൂടെ മാറ്റിയെടുക്കാനുള്ള തീവ്രയത്നത്തിലാണ് പൊലീസും എക്സൈസുമെല്ലാം.

Show Full Article
TAGS:Operation Toofan Drug Case Kerala Police 
News Summary - 852 people arrested Drug Related Case
Next Story