ഒരു തീപ്പൊരി വീണാൽ...
text_fieldsതൃക്കാക്കര പൊലീസ് സ്‌റ്റേഷനു മുന്നിലെ പൊതുനിരത്ത് കേസിൽപ്പെട്ട വാഹനങ്ങൾ കൈയടക്കിയിരിക്കുന്നു. ഇരുചക്രവാഹനങ്ങൾക്ക് മുകളിൽ കരിയിലകൾ കൂട്ടിയിട്ടിരിക്കുന്നതും കാണാം
കാക്കനാട്: കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ വളപ്പും പൊതു നിരത്തും ആശങ്ക ഉയർത്തുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ വ്യത്യസ്ത കേസുകളിലായി പിടികൂടി ഇനിയും ഉടമകൾക്കു വിട്ടു നൽകാതെ സൂക്ഷിച്ചിരിക്കുന്നത് 200ലധികം വാഹനങ്ങൾ. ബൈക്കുകൾ, ഓട്ടോകൾ, കാറുകൾ എന്നിവ സ്റ്റേഷൻ വളപ്പിലും പൊതുനിരത്തിലുമാണ് മോക്ഷം കാത്ത് കിടക്കുന്നത്. വാഹനത്തിന് മുകളിൽ കരിയിലകളും മറ്റും കൂട്ടിയിട്ടിരിക്കുന്നു. കനത്ത ചൂടിനാൽ ഒരു തീപ്പൊരി വീണാൽ എല്ലാം ചാമ്പലാകുന്ന അവസ്ഥയാണ്.
കോടതി സമുച്ചയം, കെ.ബി.പി.എസ്, പൊലീസ് ക്വാർട്ടേഴ്സ്, കെ.എസ്.ഇ.ബി, തുടങ്ങിയ സ്ഥാപനങ്ങളും ഇതിനു സമീപത്താണ്. തൃക്കാക്കര നഗരസഭ ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് നടത്തിയ റോഡിന്റെ അരകിലോ മീറ്ററോളം ഭാഗമാണ് പൊലീസ് പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്. തൃക്കാക്കര നഗരസഭ ഓഫിസിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന റോഡ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് കടന്നുപോകുന്നത്.
വിവിധ കേസുകളില്‍പ്പെട്ട നാല് ചക്രവാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതായതോടെയാണ് പൊലീസുകാര്‍ സ്റ്റേഷനു മുന്നിലെ റോഡില്‍ ഇടാൻ തുടങ്ങിയത്. കാലങ്ങളായി ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ഈ വാഹനങ്ങള്‍ ഏത് കേസില്‍ പെട്ട തൊണ്ടി മുതലാണെന്നു കണ്ടെത്തുക പോലും പ്രയാസമാണ്. കാക്കനാട് ജങ്ഷൻ ഗതാഗതക്കുരുക്കിൽ വലയുമ്പോൾ വാഹന യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നത് പോലീസ് സ്റ്റേഷൻ മുന്നിലൂടെയുള്ള ഈ വഴിയാണ്. ദിനംപ്രതി കേസിൽ പെട്ട വാഹനങ്ങൾ കൂടുതലായി റോഡരികിൽ പാർക്ക് ചെയ്യുന്നതുമൂലം ഈ റോഡിലും വൻ ഗതാഗതക്കുരുക്കാണ്. കേസ് കാലാവധി പൂർത്തിയാക്കി തിരികെ ഉടമസ്ഥർക്കു കിട്ടുമ്പോഴേക്കും ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയിലാകും.


