അംബേദ്കർ ഗ്രാമം പദ്ധതി; ജില്ലയിൽ 63.77 ശതമാനം പൂർത്തീകരിച്ചു
text_fieldsകൊച്ചി: പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം ജില്ലയിൽ ഏറ്റെടുത്ത ഗ്രാമങ്ങളിലെ പ്രവൃത്തികൾ 63.77 ശതമാനം പൂർത്തീകരിച്ചു.
69 ഗ്രാമങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 44 ഇടങ്ങളിൽ പദ്ധതി പൂർത്തീകരിച്ചിട്ടുണ്ടെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് അധികൃതർ വ്യക്തമാക്കി. 2016-17 മുതൽ ആകെ 806 ഗ്രാമങ്ങളാണ് സംസ്ഥാന തലത്തിൽ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഇതിൽ 418 ഗ്രാമങ്ങളിൽ പ്രവൃത്തികൾ പൂർത്തീകരിച്ചു.
പ്രവർത്തനങ്ങൾക്കുവേണ്ടി അലോട്ട്മെന്റ് ലഭ്യമാക്കി ഫണ്ട് അനുവദിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഓരോ നിയോജകമണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതും വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ളതുമായ പട്ടികജാതി ഗ്രാമങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. ഈ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓരോ ഗ്രാമങ്ങളിലും പരമാവധി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്.
പദ്ധതിയിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ
- ഗ്രാമങ്ങൾക്കുള്ളിലെ റോഡ്/ നടപ്പാത
- കുടിവെള്ള വിതരണം-ഓരോ വീട്ടിലും ഗാർഹിക കണക്ഷൻ കുടിവെള്ള വിതരണം ഉറപ്പാക്കണം. ജൽജീവൻ മിഷൻ ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഉള്ളയിടങ്ങളിൽ ഒഴിവാക്കണം.
- തെരുവുവിളക്ക് സ്ഥാപിക്കൽ
- ഇൻറർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ (കമ്യൂണിറ്റി ഹാൾ/ ലൈബ്രറി)
- ഗ്രാമത്തിലെ ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ
- ഭവന പുനരുദ്ധാരണം
- ടോയ്ലറ്റ് നിർമാണം/ ഉപയോഗയോഗ്യമാക്കൽ
- വിജ്ഞാനവാടി നിർമാണം/ മെയിന്റനൻസ്
- ഗ്രാമത്തിനുള്ളിലെ പൊതു ആസ്തികളുടെ മെയിൻറനൻസ്
- പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ (കളിസ്ഥലങ്ങൾ, കാവ്, കുളം ഉൾപ്പെടെ)
- സംരക്ഷണ ഭിത്തി നിർമാണം (മണ്ണിടിച്ചിൽ ഭീഷണിയുള്ള സാഹചര്യത്തിൽ മാത്രം)
- കിണർ നവീകരണം
- ഭവന വൈദ്യുതീകരണം
- സാംസ്കാരിക നിലയം, വായനശാല എന്നിവയുടെ നിർമാണം/നവീകരണം