സർക്കാർ ആശുപത്രിയിലെ ആംബുലൻസ് സാധാരണക്കാർക്ക് ലഭ്യമാക്കണം
text_fieldsസർക്കാർ ആശുപത്രിയിലെ ആംബുലൻസ് സാധാരണക്കാർക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
കോൺഗ്രസ് പ്രവർത്തകർ കരുവേലിപ്പടി ആശുപത്രിയിൽ ഉപരോധം നടത്തുന്നു
മട്ടാഞ്ചേരി: വി.ഐ.പികൾക്ക് അകമ്പടി പോകുന്നതിനാൽ സർക്കാർ ആശുപത്രികളിലെ ആംബുലൻസുകൾ ചികിത്സ തേടി വരുന്ന രോഗികൾക്ക് ഉപകാരപ്പെടുന്നില്ല. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലും ഫോർട്ട്കൊച്ചി താലുക്ക് ആശുപത്രികളിലുമുള്ള ആംബുലൻസുകളാണ് പൊതുജനങ്ങൾക്ക് പ്രയോജനമില്ലാതാകുന്നതായി പരാതിയുള്ളത്.
ഹൈബി ഈഡൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം മുടക്കി ആധുനിക രീതിയിലുള്ള ആംബുലൻസ് കരുവേലിപ്പടി ആശുപത്രിക്ക് നൽകിയിരുന്നു. എന്നാൽ, ഈ ആംബുലൻസ് നാമമാത്രമായ സർവിസാണ് സാധാരണക്കാരയ രോഗികൾക്ക് നൽകിയിട്ടുള്ളത്.
ആംബുലൻസുകൾ സാധാരണക്കാരന് ഉപകാരമാകുന്ന രീതിയിൽ സർവിസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പനയപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ രണ്ടു മണിക്കൂർ നീണ്ട പ്രതിഷേധം നടത്തി. തുടർന്ന് ഡി.എം.ഒയെ അറിയിക്കുകയും രേഖാമൂലം കത്ത് നൽകിയ ശേഷം തോപ്പുംപടി പൊലിസ് ഇൻസ്പെക്ടർ എ. ഫിറോസിന്റെ മധ്യസ്ഥതയിൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. ടി.എം. റിഫാസ്, തമ്പി സുബ്രഹ്മണ്യം, തോമസ് ഷൈജു, ശുഹൈബ് ബിച്ചു, ഷീജ സുധീർ, പി.എം. നാസർ, പ്രശാന്ത് ബാബു, ഷീബ ശാലി, ഷമീർ ബാബു, ടി.എം. ഖലീൽ, സനൽ ഈസ, കെ. അൻസാരി, ജാസ്മിൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.