ബിനാലെ സന്ദർശിച്ച് ആനന്ദ് പട്വർധൻ
text_fieldsസംവിധായകൻ ആനന്ദ് പട്വർധൻ കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിക്കുന്നു
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ച് ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്വർധൻ. ബിനാലെയ്ക്ക് കേരള സർക്കാർ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
പുരോഗമനപരമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ സമകാലിക കലകൾക്കായി സർക്കാർ നൽകുന്ന പിന്തുണ അപൂർവമായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം കൊണ്ട് ഇത്രയധികം കാര്യങ്ങൾ കണ്ടുതീർക്കുക പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ കലാസൃഷ്ടികൾ ലോകോത്തരമാണ്. സന്ദർശനത്തിന്റെ ബാക്കി സമയം കലാപ്രതിഷ്ഠകളും സിനിമകളും കാണാൻ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനാലെയിലെ വീഡിയോ വർക്കുകൾ തന്നിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് പട്വർധൻ പറഞ്ഞു. പഴയ തുറമുഖ നഗരമെന്ന നിലയിൽ കൊച്ചിയുടെ ചരിത്രപരമായ പ്രാധാന്യത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടൽത്തീരത്തെ ജീർണിച്ച കെട്ടിടങ്ങളെ പ്രദർശന വേദികളാക്കി മാറ്റിയ രീതി അദ്ദേഹം അഭിനന്ദിച്ചു. അത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റുന്നതിനേക്കാൾ മികച്ച ഉപയോഗമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


