അങ്കമാലി-കുണ്ടന്നൂർ ബൈപാസ് പുതിയ വിജ്ഞാപനം ഒക്ടോബറിൽ
text_fieldsകൊച്ചി: കൊച്ചി നഗരത്തിലെയും സമീപങ്ങളിലെയും ഗതാഗതക്കുരുക്ക് കുറച്ച് യാത്ര സുഗമമാക്കുന്ന അങ്കമാലി-കുണ്ടന്നൂർ ബൈപാസിന്റെ സർവേ പ്രവർത്തനങ്ങൾക്കുള്ള 3എ വിജ്ഞാപനം ഒക്ടോബറിൽ വീണ്ടും പുറപ്പെടുവിക്കുമെന്ന് ദേശീയപാത അതോറിറ്റി. വിജ്ഞാപനം പുറപ്പെടുവിച്ചാൽ രണ്ടുമാസത്തിനുള്ളിൽ അവശേഷിക്കുന്ന പ്രദേശത്ത് സർവേ പൂർത്തിയാക്കും. വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനം കാലഹരണപ്പെട്ടതോടെയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
സർവേ നടത്താൻ 21.5 ഹെക്ടർകൂടി
ദേശീയപാത 544ന്റെ ഭാഗമായ ബെപാസിന്റെ നിർമാണത്തിന് ഏറ്റെടുക്കുന്ന 201 ഹെക്ടറിൽ 21.5 ഹെക്ടറിലാണ് ഇനി സർവേ നടത്താൻ അവശേഷിക്കുന്നത്. 290 ഹെക്ടർ ഏറ്റെടുക്കാനായിരുന്നു നിർദേശമെങ്കിലും പിന്നീടത് 201 ആയി നിജപ്പെടുത്തി. ഇതിൽ 160 ഹെക്ടറിലെ സർവേ നേരത്തേ പൂർത്തിയാക്കിയിരുന്നു. പുഴയും കല്ലിടാത്ത സ്ഥലവും ഉൾപ്പെടെ 19.5 ഹെക്ടർ ഒഴിവാക്കി. അവശേഷിക്കുന്ന 21.5 ഹെക്ടറിൽ 3എ പുനർവിജ്ഞാപനത്തിനു ശേഷം അടിയന്തര പ്രാധാന്യത്തോടെ സർവേ പൂർത്തിയാക്കാനാണ് തീരുമാനം. നേരത്തേ 49 ജീവനക്കാരാണ് സർവേ ജോലികളിൽ പങ്കെടുത്തത്. 67 ഹെക്ടർ സ്ഥലം 3ഡി വിജ്ഞാപനത്തിനായി ദേശീയപാത അതോറിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു.
സർവേ പൂർത്തിയാക്കിയ ബാക്കി സ്ഥലത്തിന്റെ സ്കെച്ച് ഉടൻ തയാറാക്കാൻ മന്ത്രി നിർദേശം നൽകി. അവശേഷിക്കുന്ന സർവേ നടപടികൾക്കായി സർവേയർമാരുടെ എണ്ണം കുറയാതെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കാനും തീരുമാനിച്ചു. 3എ പുനർവിജ്ഞാപനം ഒക്ടോബറിൽ നടന്നാൽ രണ്ടുമാസത്തിനുള്ളിൽ 3ഡി വിജ്ഞാപനത്തിലേക്ക് കടക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
കരയാംപറമ്പ് മുതൽ നെട്ടൂർ വരെ
18 വില്ലേജുകളിലായാണ് 201 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. ഭൂമിയുടെ തരം, കെട്ടിടങ്ങൾ, വിളകൾ, മരങ്ങൾ തുടങ്ങിയ സംബന്ധിച്ച വിവരങ്ങൾ 3ഡി വിജ്ഞാപനത്തിന് ശേഷം അറിയാനാകും. സർവേയർമാരുടെ കുറവും അലൈൻമെന്റ് പ്രകാരം അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിലെ കാലതാമസവും മൂലം സർവേ നടപടികൾ വൈകുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നേരത്തേ പരാതി ഉന്നയിച്ചിരുന്നു. തുടർന്നാണ് 20 സർവേയർമാരെ അധികമായി നിയോഗിച്ചത്. അങ്കമാലി കരയാംപറമ്പിൽനിന്ന് ആംഭിക്കുന്ന പാത മരട് നെട്ടൂരിലാണ് അവസാനിക്കുന്നത്.
എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്ക് അനുവദിച്ച നഷ്ടപരിഹാരത്തിന് സമാനമായി തന്നെ ഇവിടെയും നൽകാനാണ് തീരുമാനം. പൊളിക്കുന്ന കെട്ടിടങ്ങളുടെയും മുറിക്കുന്ന മരങ്ങളുടെയും വില നഷ്ടപരിഹാരമായി നൽകും. ആദ്യം പുറപ്പെടുവിച്ച 3എ വിജ്ഞാപനത്തിന് ശേഷം അതിവേഗത്തിൽ തുടർനടപടികൾ ഏകോപിപ്പിച്ചതിന്റെ ഭാഗമായാണ് 160 ഹെക്ടറിൽ സർവേ പൂർത്തിയാക്കാനായത്. അങ്കമാലി മുതൽ കുണ്ടന്നൂർ വരെ 44 കിലോമീറ്റർ പാതയാണ് നിർമിക്കുന്നത്. കലക്ടർ ജി. പ്രിയങ്ക, ദേശീയപാത പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.