പണിതിട്ടും പണിതിട്ടും തീരാത്ത പാലം!...
text_fieldsപള്ളുരുത്തി: രണ്ടു കരകളെ ബന്ധപ്പെടുത്തിയാണ് സാധാരണ പാലം പണിയുന്നത്. എന്നാൽ അപ്രോച്ച് റോഡുകൾ പണിയാതെ കായലിന് മുകളിൽ മാത്രം മനോഹരമായി പണിതീർത്ത നിലയിൽ വർഷങ്ങളായി നിലകൊള്ളുകയാണ് പള്ളുരുത്തിയിലെ മധുര കമ്പനി -കണ്ണങ്ങാട്ട് പാലം. ഈ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം എന്ന് പൂർത്തിയാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഈ തലമുറയിലുള്ളവർക്ക് പാലം കയറി മറുകര കടക്കാനാകുമോയെന്ന ചോദ്യവും ഇവർ ഉയർത്തുന്നു.
ഫണ്ടിന്റെ പോരായ്മകളോ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രതിസന്ധികളോ ഇല്ലെങ്കിലും സർക്കാർ എൻജിനീയറിങ് കാര്യാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് അപ്രോച്ച് റോഡിന്റെ നിർമാണത്തിന് വിലങ്ങുതടിയാകുന്നത്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പാണ് പാലം നിർമാണം ആരംഭിച്ചത്.
എന്നാൽ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി ജോലികൾ തടസ്സപ്പെട്ടു. ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച തർക്കങ്ങളും ഉടലെടുത്തു. ഒടുവിൽ ഡിവിഷൻ കൗൺസിലറും നഗരസഭ വിദ്യഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷനും കൂടിയായ വി.എ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പല തലത്തിൽ ചർച്ചകൾ നടത്തിയാണ് ഭൂമി ഏറ്റെടുത്തത്.
ഇതിനായി കൊച്ചി നഗരസഭ ഒരു കോടിയോളം രൂപ ചെലവാക്കുകയും ചെയ്തു. ജോൺ ഫെർണാണ്ടസ് എം.എൽ.എ ആയിരിക്കെ അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് 2.78 കോടി നേരത്തെ അനുവദിച്ചിരുന്നു. കൊച്ചി നഗരസഭ 50 ലക്ഷവും അനുവദിച്ചു. ഇതോടെ പാലം നിർമാണം നടന്നെങ്കിലും അപ്രോച്ച് റോഡ് നിർമാണം ഒന്നുമായില്ല.
ഒടുവിൽ എ.എ. റഹീം എം.പി തന്റെ വികസന ഫണ്ടിൽ നിന്ന് 1.40 കോടി രൂപ അപ്രോച്ച് റോഡിനായി അനുവദിച്ചു. എം.പി ഫണ്ട് ഉപയോഗിക്കുന്നതിന് ഭരണാനുമതിയും ലഭിച്ചു. 50 ലക്ഷം രൂപ നഗരസഭയും അനുവദിച്ചു. എന്നാൽ വീണ്ടും സാങ്കേതികത്വം പറഞ്ഞ് അപ്രോച്ച് റോഡുകളുടെ നിർമാണം നിലച്ചു. വർഷങ്ങളായി അപ്രോച്ച് റോഡുകളുടെ ബന്ധിപ്പിക്കലും കാത്ത് ജനങ്ങളും വലയുന്നു.
അതേ സമയം എൻജിനീയറിങ് വിഭാഗത്തിൽ നിന്നുള്ള നടപടികൾ പൂർത്തിയായിരിക്കുകയാണെന്നും ഓണത്തിന് മുമ്പായി പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും നഗരസഭ സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത് പറഞ്ഞു.