തപാല്‍ മാര്‍ഗം എത്തിച്ച രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
text_fieldsകൊച്ചി: തായ്ലന്റിൽനിന്ന് തപാല്‍ മാര്‍ഗം എത്തിച്ച രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഒരാള്‍ കസ്റ്റംസ് പിടിയിലായി. കൊച്ചി വടുതല ബോട്ട് ജെട്ടി സ്വദേശി സക്കറിയ ടൈറ്റസ് (23) ആണ് പിടിയിലായത്.
മൂന്ന് ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാല്‍ ഓഫീസിലേക്ക് തായ്ലന്റില് നിന്നും കൊറിയര്‍ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിവരം കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. ഇതോടെ കസ്റ്റംസ് പരിശോധന തുടങ്ങി. വിശദപരിശോധനയില്‍ പാർസലിനുള്ളില്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പാർസലില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കോള്‍ എടുത്തത് സക്കറിയ ആയിരുന്നു. തുടര്‍ന്ന് കാരക്കാമുറിയിലെ ഓഫീസിലെത്തിയ സക്കറിയയെ കസ്റ്റംസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന. വിപണിയില്‍ രണ്ട് കോടി വിലവരുന്നതാണ് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ ഉദ്യോഗസ്ഥർ പരിശോധിക്കും.