വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsഅങ്കമാലി: യുവാവിനെ കല്ലിനിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്ത കേസിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മൂക്കന്നൂർ താബോർ മാടശ്ശേരി വീട്ടിൽ സെബി വർഗീസിനെ(31)യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി. പ്രിയങ്കയാണ് ജയിലിൽ അടക്കാൻ ഉത്തരവിട്ടത്.
അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവർച്ച, സ്ത്രീത്വത്തെ അവഹേളിക്കൽ, കാപ്പ ഉത്തരവിന് ലംഘനം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ മൂക്കന്നൂർ ശങ്കരൻകുഴി കപ്പേളക്ക് സമീപത്തെ വഴിവിളക്കുകൾ കൃതൃമമായി അണച്ച് മദ്യപിക്കുന്നതിനിടെ സംഭവം കണ്ട സമീപവാസി അത് ചോദ്യം ചെയ്തിരുന്നു. അതോടെ പ്രതിയും കൂട്ടാളി ഷിനിലും ചേർന്ന് യുവാവിനെ തലയിലും ശരീരഭാഗങ്ങളിലും കല്ലുകൊണ്ടിടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. മാത്രമല്ല യുവാവിന്റെ ബൈക്ക് കല്ലുകൊണ്ടിടിച്ച് കേട് വരുത്തുകയും ചെയ്യുകയുണ്ടായി.
തുടർന്ന് പ്രതിക്കെതിരെ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലും പ്രതി ഉൾപ്പെട്ടതോടെയാണ് കാപ്പ ചുമത്താൻ നടപടി സ്വീകരിച്ചത്. അങ്കമാലി പൊലീസ് ഇൻസ്പെക്ടർ എ. രമേശ്, എസ്.ഐ കെ.എ. പോളച്ചൻ, അസി. എസ്.ഐ പി.വി. ജയശ്രീ, സി.പി.ഒ എബി സുരേന്ദ്രൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


