നിയമസഭ തെരഞ്ഞെടുപ്പ്; കടലോര മണ്ഡലത്തിൽ കരുത്തരുടെ പോര്
text_fieldsമട്ടാഞ്ചേരി: എറണാകുളം പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്ന മട്ടാഞ്ചേരി ഒരു കാലത്ത് യു.ഡി.എഫിന്റെ കുത്തക മണ്ഡലമായിരുന്നു. മുസ്‍ലിം ലീഗ് സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചിരുന്ന മണ്ഡലം ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകൾ ചേർത്ത് വിപുലീകരിക്കുകയും വെല്ലിംഗ്ടൺ ഐലന്റ് മേഖല മണ്ഡലത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്ത് 2011 ൽ കൊച്ചി മണ്ഡലമാക്കി പുനഃക്രമീകരിച്ചു. തുടർന്ന് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡൊമനിക് പ്രസന്റേഷൻ 16503 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
എന്നാൽ 2016ൽ സിറ്റിങ് എം.എൽ.എ ഡൊമനിക് പ്രസന്റേഷനെതിരെ സി.പി.എം സ്ഥാനാർഥി കെ.ജെ മാക്സി 1086 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. 2021ൽ മാക്സി വിജയം ആവർത്തിച്ചു. മുൻ മേയർ കൂടിയായ കോൺഗ്രസിന്‍റെ ടോണി ചമ്മിണിയെ 14,079 വോട്ടുകൾക്കാണ് തോൽപിച്ചത്. ട്വന്റി-20 സ്ഥാനാർഥി ഷൈനി ആന്റണി പിടിച്ച 19,676 വോട്ടുകൾ നിർണായകമായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡൻ വൻ ഭൂരിപക്ഷമാണ് കൊച്ചി മണ്ഡലത്തിൽ കരസ്ഥമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ബഹുദൂരം മുന്നിലാണ്. ചെല്ലാനം പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച യു.ഡി.എഫ്, കുമ്പളങ്ങി പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് ഭരണം നിലനിർത്തുകയും ചെയ്തു.
കുമ്പളം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണവും തിരികെ പിടിച്ചിരുന്നു. കോർപറേഷൻ മേഖലയിലും യു.ഡി.എഫ് മുന്നേറ്റം കാഴ്ചവെച്ചു. മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഹാട്രിക് വിജയം തേടി മാക്സിയുടെ മത്സരം. ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇത്തവണ അട്ടിമറി വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. ട്വന്‍റി 20ക്ക് ലഭിച്ച സീറ്റിൽ അഡ്വ. സേവ്യർ ജൂലപ്പനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ ട്വന്‍റി 20 പിടിച്ച വോട്ടുകളിലാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
മാക്സിയുടെ ജനകീയതയും കൊച്ചിക്കാരൻ എന്ന പ്ലസ് പോയന്‍റും അരനൂറ്റാണ്ടോളം ചെല്ലാനം തീരവാസികൾ നേരിട്ട കടലാക്രമണത്തിന് ടെട്രോപോഡ് കടൽഭിത്തി സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞതും എൽ.ഡി.എഫ് അനുകൂല ഘടകങ്ങളായി കാണുന്നു.മണ്ഡലത്തിലെ മൂന്ന് മേഖലകളിൽ വാട്ടർ മെട്രോ ടെർമിനൽ സ്ഥാപിച്ച് സർവീസുകൾ ആരംഭിച്ചതും മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും നവീകരിച്ചതും അടിസ്ഥാന സൗകര്യ സംവിധാനത്തിലെ നേട്ടമായി വിലയിരുത്തുന്നു.
അതേസമയം, മഹാരാജാസ് ഗവ. താലൂക്ക് ആശുപത്രിയുടെ വികസന നടപടികൾ പൂർത്തീകരിക്കാത്തതും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവും മോർച്ചറി നവീകരിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായതും യു.ഡി.എഫ് ആയുധമാക്കുന്നു. പദ്ധതികൾ പലതു വന്നെങ്കിലും വിവിധ മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകാത്തതും മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരിച്ച് ഉദ്ഘാടനം ചെയ്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സർവീസ് നിലച്ചതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
മുഹമ്മദ് ഷിയാസ് (യു.ഡി.എഫ്)
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ. കെ.എസ്.യു സംസ്ഥാന ട്രഷറർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. 2014ൽ ജില്ല ഡി.സി.സി വൈസ് പ്രസിഡന്റായി. നിലവിൽ ഡി.സി.സി അധ്യക്ഷൻ. ആലുവ സ്വദേശി. എം.ജി യൂനിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കർണാടക ലോ യൂനിവേഴ്സിറ്റിയിൽനിന്ന് എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ ഷിയാസിന്റെ നിയമസഭയിലെ കന്നി മത്സരം. ജില്ലയിൽ നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ: ഡോ. എബിത ഷിയാസ്.
കെ.ജെ. മാക്സി (എൽ.ഡി.എഫ്)
കൊച്ചി തോപ്പുംപടി കോന്നോത്ത് വീട്ടിൽ കെ.എക്സ്. ജേക്കബിന്റെയും ആഗ്നസിന്റെയും മകനായി 1962 സെപ്റ്റംബർ 13ന് ജനിച്ചു. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി. ഡി.വൈ.എഫ്.ഐയിൽ അംഗമായിരിക്കെ സ്വാശ്രയ വിദ്യാഭ്യാസ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി 14 ദിവസം റിമാൻഡിൽ കഴിഞ്ഞു. എസ്.എഫ്.ഐ കൊച്ചി ഏരിയ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, സി.പി.എം ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊച്ചി നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. ഭാര്യ: എമിലി ഷീല. മക്കൾ: ജോസ് വിൻസ്റ്റൺ, ജോർജ് സോൺ.
അഡ്വ. സെവ്യർ ജൂലപ്പൻ (എൻ.ഡി.എ)
ചെല്ലാനം സ്വദേശി. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബി.എസ്.സി, എറണാകുളം ലോ കോളജിൽനിന്ന് എൽ.എൽ.ബി എന്നീ ബിരുദങ്ങൾ കരസ്ഥമാക്കി. ഇറ്റലിയിലെ യൂനിവേഴ്സിറ്റി ഓഫ് റോമിൽനിന്ന് യൂറോപ്യൻ കമ്മ്യൂണിറ്റീസ് ലോ ആൻഡ് ഇക്കണോമിക്സിൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്പെഷലൈസേഷൻ ഉപരിപഠനം നടത്തി. ജർമനി ആസ്ഥാനമായ ഗ്ലോബൽ മലയാളി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി എന്ന എൻ.ജി.ഒയുടെ പ്രസിഡൻറുമാണ്. ഭാര്യ: ഡോ: ലൂസി.


