അടഞ്ഞ് പാലം, വഴിനീളെ കുഴി, കൊച്ചിയെ നിശ്ചലമാക്കുന്ന കുരുക്ക്
text_fieldsഗോശ്രീ ഒന്നാം പാലത്തിലെ വൈകുന്നേരത്തെ ഗതാഗതക്കുരുക്ക്
കൊച്ചി: ഗോശ്രീ പാലത്തിൽനിന്ന് തുടങ്ങുന്ന ഗതാഗതക്കുരുക്ക് എറണാകുളം നഗരത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലേക്ക് വ്യാപിച്ചിരിക്കുന്നു. തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കേണ്ടി വരുന്ന ജനം വലിയ പ്രയാസത്തിലാണ്. ടാറിങ്ങിനായി ഗോശ്രീ രണ്ടാം പാലങ്ങളിലൊന്ന് അടച്ചിടുകയും മറ്റൊന്നിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിടുകയും ചെയ്തതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
അടച്ച പാലം ഒരുമാസമായിട്ടും പണി പൂർത്തിയാക്കി തുറന്ന് കൊടുക്കാത്ത ദേശീയ പാത അതോറിറ്റിയുടെ വീഴ്ചയാണ് പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ വിമർശനം ഉന്നയിക്കുന്നു. ബോൾഗാട്ടി ജങ്ഷൻ, ഹൈകോർട്ട്, വല്ലാർപാടം എന്നിവിടങ്ങളിലെ ഗതാഗതം അതികഠിനമായതോടെ നഗരത്തെയാകെ ബാധിച്ചിരിക്കുകയാണ്. കൊച്ചിയിലേക്ക് സമീപനഗരങ്ങളിൽനിന്നും വിവിധ ജില്ലകളിൽനിന്നും വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാനയിടമാണ് ബോൾഗാട്ടി ജങ്ഷൻ. തൃശൂർ ഭാഗത്തുനിന്നും എറണാകുളം നഗരത്തിൽ നിന്നുമൊക്കെയെത്തുന്ന വാഹനങ്ങൾ കേന്ദ്രീകരിക്കുന്ന പ്രദേശമാണിവിടം.
അതിനാൽ ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് ആളുകളെയാണ് നേരിട്ട് ബാധിച്ചിരിക്കുന്നത്. ദേശീയപാത അതോറിറ്റിക്ക് പാലം പണിയുടെ കാര്യത്തിലുണ്ടായിട്ടുള്ള അനാസ്ഥയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ജനങ്ങളും ജനപ്രതിനിധികളും വ്യക്തമാക്കുന്നു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുളവുകാട് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ സമരം നടത്തിയിരുന്നു. പോർട്ടിന്റെ നിയന്ത്രണത്തിലുള്ളതാണ് പാലമെന്നും ജില്ല വികസന സമിതിയിൽ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ശ്വാസം മുട്ടുന്നു, രാവിലെയും വൈകീട്ടും
വിവിധ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും വിദ്യാർഥികളും മറ്റുള്ളവരും കൂടുതലായി എത്തുന്ന രാവിലെയും വൈകീട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കേണ്ട സ്ഥിതിയാണ്. ഹൈകോർട്ട് മുതൽ വല്ലാർപാടം ജങ്ഷൻവരെ നീളുന്ന അഞ്ച് കിലോമീറ്റർ ഭാഗത്ത് അനങ്ങാനാകാത്ത വിധത്തിൽ ഇരുചക്രവാഹനങ്ങളടക്കം കിടക്കേണ്ടി വരുന്നു. ശക്തമായ മഴ നനഞ്ഞ് ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവരുമായി ഇരുചക്രവാഹനങ്ങളിൽ കുരുക്കിൽ അകപ്പെടുന്ന ആളുകൾ നിരവധിയാണ്.
കിലോമീറ്ററുകളോളം നീളുന്ന നിര നഗരത്തിലേക്ക് വ്യാപിക്കുന്നതോടെ ഗതാഗതം ആകെ താളംതെറ്റുന്ന സ്ഥിതിയാണ്. കണ്ടെയ്നർ റോഡുമായി ബന്ധിക്കുന്ന പാതയായതിനാൽ മേഖലയിൽ കുരുക്കേറുന്നു. കണ്ടെയ്നർ ടെർമിനലിലേക്കെത്തുന്ന ലോറികളുടെ സഞ്ചാരത്തെയുമൊക്കെ ബാധിക്കുന്നുണ്ട്. തിരക്കേറുന്ന സമയങ്ങളിൽ വൈകിയെത്തുന്ന ബസുകൾ വേഗത്തിൽ പോകുന്നതിന് അലക്ഷ്യമായി സഞ്ചരിക്കുന്നത് മറ്റുള്ളവർക്ക് ഭീഷണിയാകുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കാൻ പകലന്തിയോളം പണിയെടുക്കുന്നുണ്ടെങ്കിലും ബ്ലോക്കിന് കുറവില്ല.
കുഴിയിൽ അകപ്പെട്ട് യാത്രികർ
ഗോശ്രീ പാലങ്ങളിലടക്കം റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന ഭീമൻകുഴികൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതിനൊപ്പം അപകടങ്ങൾക്കും വഴിവെക്കുകയാണ്. ഇവിടെയുള്ള കുഴിയിൽ വീഴാതിരിക്കാൻ മുന്നിൽ പോയ ഓട്ടോറിക്ഷ വെട്ടിച്ചോടെ, പിന്നാലെയെത്തിയ ഇരുചക്രവാഹനയാത്രികൻ ആംബുലൻസിൽ ഇടിച്ചു വീണതും പരിക്കേറ്റതും ഒരാഴ്ചക്ക് മുമ്പാണ്. ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞ് ചികിത്സയിലാണ്.
പിന്നാലെയെത്തിയ മറ്റ് ബൈക്കുകളും അപകടത്തിൽപെട്ടിരുന്നു. ബൈക്കുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ബൈക്ക് യാത്രികന് ഉൾപ്പെടെ സംഭവത്തിൽ പരിക്കേറ്റു. ഗോശ്രീ ഒന്നാം പാലത്തിൽ ഉൾപ്പെടെ വലിയ കുഴികളാണുള്ളത്. മഴ പെയ്യുന്ന സമയമാണെങ്കിൽ യാത്ര ഏറെ ദുസ്സഹമാകും. വല്ലാർപാടം ജങ്ഷനിൽനിന്ന് ഒറ്റവരിയായി പാലത്തിലേക്ക് പ്രവേശിക്കുന്നതോടെ വാഹനങ്ങൾ തിങ്ങിനിറഞ്ഞ് ഗതാഗതം ബുദ്ധിമുട്ടാകുന്ന സ്ഥിതിയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.