ദേശീയപാതയിൽ ബസ് അപകടം; ഇരുപതോളം യാത്രക്കാർക്ക് പരിക്ക്
text_fieldsആലുവ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റിന് പിന്നിൽ ഇടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. ആലുവ അമ്പാട്ടുകാവ് പമ്പിന് എതിർവശത്ത് ചൊവ്വാഴ്ച രാവിലെ 10.45നാണ് അപകടം. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസും മഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസുമാണ് അപകടത്തിൽപ്പെട്ടത്.
മുന്നിൽ പോയ ഇന്നോവ കാറിൽ ഇടിക്കാതിരിക്കാൻ സൂപ്പർ ഫാസ്റ്റ് ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ തൊട്ടുപുറകിലുണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചർ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘതത്തിൽ സൂപ്പർ ഫാസ്റ്റിന്റെ പുറക് വശവും ഫാസ്റ്റ് പാസഞ്ചറിന്റെ മുൻ ഭാഗവും തകർന്നു. ഇരു ബസുകളിലെയും യാത്രക്കാരായ പീച്ചാനിക്കാട് സ്വദേശി ഏലിയാസ് (62), കാടുകുറ്റി സ്വദേശി സാം ആന്റണി (45), കോതമംഗലം സ്വദേശിനി മഞ്ജു (43), അങ്കമാലി സ്വദേശിനി ജെസ്സി മാർട്ടിൻ (52), പല്ലിശ്ശേരി സ്വദേശിനി ആതിര (23), അലനല്ലൂർ സ്വദേശി അജ്മൽ (26), വടക്കാഞ്ചേരി സ്വദേശി രഞ്ജിത്ത് (24), ഇടുക്കി സ്വദേശി അനന്തു (19), കറുകുറ്റി സ്വദേശി ഷാജൻ (54), തണ്ണീർക്കോട് സ്വദേശി കബീർ (40), അങ്കമാലി സ്വദേശിനി ഡോൾഫി (40), മലപ്പുറം സ്വദേശി യഹിയ (30), മുണ്ടൂർ സ്വദേശി സാജിദ് (29), തൃശൂർ സ്വദേശി അതുൽ (20), മലപ്പുറം സ്വദേശികളായ ചന്ദ്രൻ (50), കബീർ (41), കാക്കനാട് സ്വദേശി ഫർഷാദ് (29), കൊരട്ടി സ്വദേശിനി അൽന (24), പാലക്കാട് സ്വദേശി ഉനൈസ് (25) എന്നിവർക്കാണ് പരിക്ക്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവശിപ്പിച്ചു.