വഴിയാത്രക്കാരന് മർദനം; ബസ് ഡ്രൈവർ അറസ്റ്റിൽ
text_fieldsവഴിയാത്രക്കാരനെ മർദിച്ച ദീർഘദൂര ബസ് ഡ്രൈവർ ബസിനകത്ത് ഇരിക്കുന്നു.
കളമശ്ശേരി: ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തത് ചോദ്യം ചെയ്ത വഴിയാത്രക്കാരനെ മർദ്ദിച്ച ദീർഘദൂര ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചേർത്തല എഴുപുന്ന, കൊച്ചുതറ വീട്ടിൽ അനു ഹർഷ് (24)നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി അപ്പോളോ ജങ്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന തൃശൂർ, മുകുന്ദപുരം, വെള്ളിക്കുളങ്ങര, കളമ്പാടൻ വീട്ടിൽ ജിജോ ജോർജി (46)നെ മർദ്ദിച്ചതിനാണ് അറസ്റ്റ് ചെയ്തത്. സ്റ്റോപ്പിൽ നിർത്തിയിട്ട ബസിന്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് മർദനം. ബസിൽ നിന്നും ചാടിയിറങ്ങിയ ഡ്രൈവർ ജിജോയെ മർദിക്കുകയും കയ്യിലുണ്ടായിരുന്ന കമ്പിവടി വെച്ച് തലക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ജിജോയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇത് ചോദ്യം ചെയ്തതോടെ ഇയാൾ ഭീഷണിയുമായി ബസിൽ കയറി ബസ് ലോക്ക് ചെയ്ത് ഓടിച്ച് പോകാൻ ശ്രമിച്ചു. ഇതോടെ നാട്ടുകാർ ബസ് തടഞ്ഞു.
തുടർന്ന് പ്രതിഷേധം കടുത്തതോടെ സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസ് എത്തിയാണ് ഡ്രൈവർ അനു ഹർഷിനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഇയാളുമായി മുന്നോട്ട് പോകാൻ ശ്രമിക്കവെ പൊലീസ് ജീപ്പ് ചിലർ തടഞ്ഞു. ഇതിൽ ആലപ്പുഴ കരീലകുളങ്ങര സ്വദേശി എസ്. ശ്യാം (43), കണ്ണൂർ മാമ്പ സ്വദേശി എം. ജീവേഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണിപ്പെടുത്തിയതിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്.