കനാലുകൾ കാട് മൂടി; നെൽ കർഷകർ ദുരിതത്തിൽ
text_fieldsശോച്യാവസ്ഥയിലായ പാറക്കടവ് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസ്
പാറക്കടവ്: പഞ്ചായത്തിലെ മൂഴിക്കുളം, എളവൂർ കുട്ടാടം പാടശേഖരത്തിലേക്കുള്ള കനാലുകൾ ശുചീകരിക്കാത്തത് കർഷകർക്ക് ദുരിതമാകുന്നു. കാട് മൂടിയ കനാലുകളിൽ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ വെള്ളം നിറഞ്ഞൊഴുകി പാഴാകുന്നുവെന്നാണ് പരാതി. മുമ്പ് നെൽകൃഷി സമ്പന്നമായിരുന്ന പഞ്ചായത്തിലെ പ്രധാന പാടശേഖരമാണിത്. പ്രതിസന്ധികളാൽ നെൽകൃഷി അന്യം നിന്ന് പോയെങ്കിലും 600 ഏക്കറോളം പാടശേഖരത്തിൽ പരമ്പരാഗത നെൽ കൃഷിക്കാരുടെ നേതൃത്വത്തിൽ ഇപ്പോഴും 100 ഏക്കറോളം ഭാഗത്ത് കൃഷിയുണ്ട്. പാറക്കടവ് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷനിൽ നിന്നാണ് പാടശേഖരത്തിലേക്ക് വെള്ളമെത്തുന്നത്.
75 എച്ച്.പിയുടെ രണ്ട് മോട്ടോറുകളും 40 എച്ച്.പിയുടെ ഒരു മോട്ടോറുമാണുള്ളത്. എന്നാൽ, 40 എച്ച്.പിയുടെ മോട്ടോർ ഒരു വർഷത്തിലേറെയായി തകരാറിലാണ്. പമ്പ് ഹൗസിൽ യഥാസമയം അറ്റകുറ്റപ്പണിയും നടക്കാറില്ല.
പാറക്കടവ് പമ്പ് ഹൗസിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് കർഷകർ കൃഷി ചെയ്യുന്നത്. പ്രതിദിനം 16 മണിക്കൂർ സമയമാണ് ഇവിടെ പമ്പിങ്. എന്നാൽ ജലമൊഴുകിയെത്തുന്ന കനാലുകൾ അധിക ഭാഗവും കാട് മൂടി. അതിനാൽ വെള്ളം പലപ്പോഴും കൃത്യമായി പാടശേഖരത്തിലെത്തുന്നില്ല. ഏതാനും ഇടങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ ഭാഗങ്ങളിലും സുഗമമായി വെള്ളമെത്തുന്നില്ലെന്നാണ് പാറക്കടവ് ഇറിഗേഷൻ പാടശേഖര സമിതിയിലെ കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ പമ്പ് ഹൗസിൽ നിന്നാണ്
നെടുമ്പാശ്ശേരി പഞ്ചായത്തിലെ പറമ്പുശ്ശേരി, മള്ളുശ്ശേരി പാടശേഖര സമിതിയിലെ പാടശേഖരങ്ങളിലേക്കും വെള്ളമെത്തുന്നത്. ഈ പ്രദേശത്തേക്കുള്ള കനാലുകളും മിക്കയിടങ്ങളിലും കാട് മൂടി.



