കളംനിറഞ്ഞ് സ്ഥാനാർഥികൾ അവസാനലാപ്പിൽ
text_fieldsഎറണാകുളം യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദ് പ്രചാരണത്തിനിടെ
കൊറകോട്ട ദ്വീപ് നിവാസികളുടെ വോട്ടുറപ്പിച്ച് ടി.ജെ. വിനോദ്
കൊച്ചി: നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദ് കൊറകോട്ട ദ്വീപ് സന്ദർശിച്ച് കുടുംബങ്ങളെ നേരിൽകണ്ട് പിന്തുണ അഭ്യർഥിച്ചു. പച്ചാളം ഷൺമുഖപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ പ്രസിഡന്റ് ഹരിലാൽ, സെക്രട്ടറി പ്രശാന്ത് എന്നിവർ സ്വീകരിച്ചു. തുടർന്ന് അമൂല്യ സ്ട്രീറ്റിലെ വോട്ടർമാരെ സന്ദർശിച്ച ശേഷം പേരണ്ടൂർ ബാലഭദ്ര ക്ഷേത്രത്തിലെത്തി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.
കട്ടാരി ബാഗ് വെണ്ടുരുത്തി പള്ളിക്ക് സമീപം നടന്ന ചടങ്ങിൽ എ.ഐ.സി.സി മെമ്പർ എൻ. വേണുഗോപാൽ വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു. വാത്തുരുത്തി കിഴക്കേവശം, വാത്തുരുത്തി പടിഞ്ഞാറുവശം, ഐലൻഡ് കസ്റ്റംസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ ഐലൻഡ് ആർ.എൻ.എസ് ക്വാർട്ടേഴ്സ് പരിസരത്ത് സമാപിച്ചു. ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.
എറണാകുളം എൽ.ഡി.എഫ് സ്ഥാനാർഥി മഹിളാ വാഹന പ്രചാരണ ജാഥയെ അഭിവാദ്യം ചെയ്യുന്നു
കറുകപ്പള്ളിക്കാരെ നേരിൽകണ്ട് സാബു ജോർജ്
കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർഥി സാബു ജോർജ് രാവിലെ എളമക്കര കറുകപ്പള്ളി പ്രദേശത്ത് ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. മഹിളാ വാഹന പ്രചരണ ജാഥയെ അഭിവാദ്യം ചെയ്തു. വൈകിട്ട് കലൂർ എ.ജെ ഹാളിൽ നടന്ന എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.സി സഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
എം അനിൽകുമാർ, ഇകെ ശിവൻ, സി. മണി സോണി ജോബ്, അനിൽ കാഞ്ഞാലി, കുമ്പളം രവി, എ. ശ്രീധരൻ, പി.എൻ സിനുലാൽ, മുരളി പുത്തൻ വേലി, കെ.എം ജോർജ്, കെ.വി മനോജ്, സി.എ ഷക്കീർ, ഷാജൻ ആന്റണി, കുര്യൻ എബ്രഹാം, വിനോദ് ബാബു, അനിൽ വാസുദേവൻ, കൗൺസിലർമാരായ അംബിക, ബീന, എലിസബത്, ബ്രിജിത് ആഷ്വിൻ എന്നിവർ സംസാരിച്ചു.
തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ഥി
അഖില്‍ മാരാര്‍ക്ക് ഇന്ദിരാ ജങ്ഷനില്‍ നല്കിയ സ്വീകരണം
ഉമാ തോമസിന്റെ വാഹനപര്യടനത്തിന് സമാപനം
കാക്കനാട്: തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ വാഹന പര്യടനത്തിന് ആവേശോജ്വല സമാപനം. പൂണിത്തുറ മണ്ഡലത്തിലെ പര്യടനത്തോടെയാണ് പത്ത് ദിവസങ്ങളായി നടന്നുവന്ന വാഹന പര്യടന പരിപാടി അവസാനിച്ചത്.
വൈറ്റിലയിലെ കടുപ്പത്ത് റോഡിൽ നിന്ന് ആരംഭിച്ച പര്യടനം കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രതീഷ് പൂണിത്തുറ അധ്യക്ഷനായി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.എസ് അനിൽകുമാർ, യു.ഡി.എഫ് ഭാരവാഹികളായ ജോഷി പള്ളൻ, എം.എക്സ്. സെബാസ്റ്റ്യൻ, വി.പി.ചന്ദ്രൻ മറ്റ് നേതാക്കൾ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത് ദീപക് ജോയ്
തൃപ്പൂണിത്തുറ: മുതുകുളങ്ങര സന്താനഗോപാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ദീപക് ജോയ് ബുധനാഴ്ച എരൂർ ആസാദ് ജങ്ഷനിൽ നിന്ന് വാഹന പര്യടനം ആരംഭിച്ചത്. മേൽശാന്തി പരമേശ്വരൻ തിരുമേനിയിൽ നിന്ന് അനുഗ്രഹം വാങ്ങി ഇറങ്ങും വഴി ഭാഗവതാചാര്യൻ ആലപ്പാട്ട് രാമചന്ദ്രനെ കണ്ടു. ഷാൾ അണിയിച്ചാണ് അദ്ദേഹം സ്ഥാനാർഥിക്ക് ആശംസ അറിയിച്ചത്.
എസ്.എൻ. ജങ്ഷൻ, എസ്.എം.പി കോളനി, ഐരേറ്റിൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പാമ്പാടിത്താഴത്ത് വൃദ്ധസദനത്തിൽ എത്തി അന്തേവാസികളെ കണ്ട് അനുഗ്രഹം തേടി. പാമ്പാടിത്താഴത്ത് നൂറുകണക്കിന് അമ്മമ്മാരാണ് ദീപക്കിന് പിന്തുണയറിയിച്ച് ഒത്തുചേർന്നത്.
താമരക്കുളങ്ങര ക്ഷേത്രത്തിലും സ്ഥാനാർഥി ദർശനം നടത്തി. തറമശ്ശേരി ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവ പ്രസാദ ഊട്ടിൽ പങ്കെടുത്ത ദീപക് ജോയ് പൂത്തോട്ട ശ്രീ കുന്നങ്കേരി പരദേവത ദേവിക്ഷേത്രം പൊങ്കാല മഹോത്സവത്തിലും പങ്കെടുത്തു. സരസ്വതി വിലാസം സ്കൂൾ നൂറാം വാർഷികത്തിലും പങ്കെടുത്തു. സൗത്ത് പറവൂർ യാക്കോബായ പള്ളി, കണ്ടനാട് യാക്കോബായ പള്ളി എന്നിവിടങ്ങളിൽ എത്തിയും ദീപക് ജോയ് പിന്തുണ അഭ്യർഥിച്ചു.
തെലങ്കാന ഐ.ടി, നിയമ വകുപ്പ് മന്ത്രി ഡി. ശ്രീധർ ബാബു ദീപക് ജോയിയെ സന്ദർശിച്ചു. സ്ഥാനാർഥി പര്യടനത്തിനിടെ നെട്ടൂരിൽ എത്തിയാണ് ദീപക് ജോയിയെ കണ്ടത്. ഇരുവരും ആശയ വിനിമയം നടത്തുകയും തെരഞ്ഞെടുപ്പ് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. എല്ലാ വിജയാശംസകളും നേർന്നാണ് ശ്രീധർ ബാബു മടങ്ങിയത്.
പ്രചാരണം കടുപ്പിച്ച് അഞ്ജലി നായർ
തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പടുത്തതോടെ പ്രചാരണം കടുപ്പിച്ച് തൃപ്പൂണിത്തുറ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ. കുമ്പളം ജങ്ഷനിൽ നിന്നാണ് വാഹന പ്രചരണ ജാഥ ആരംഭിച്ചത്. നിരവധി സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രിയോടെ പനങ്ങാട് സമാപിച്ചു. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവയ്ക്കാതെ ബൈക്കുകളിലായി പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു.
അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി അഖില്‍ മാരാർ
കാക്കനാട്: തൃക്കാക്കരയിൽ ട്വന്റി20-എന്‍ഡി.എ സ്ഥാനാര്ഫി അഖിൽ മാരാരുടെ വാഹന പര്യടനം പുരോഗമിക്കുന്നു. കാക്കനാട് മേഖലയിൽ ഇടച്ചിറയിലെ മഹാത്മ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയ ശേഷമാണ് അഖില്‍ മാരാര്‍ ബുധനാഴ്ച പര്യടനം ആരംഭിച്ചത്. വായനശാല ജങ്ഷന്, നവോദയ, അത്താണി, മാവേലിപുരം, തൃക്കാക്കര നഗരസഭ, കാക്കനാട് ജങ്ഷന്, രാജഗിരി വാലി, ചിറ്റേത്തുകര, നിലംപതിഞ്ഞിമുകള്‍, ടി.വി സെന്റര്‍, പടമുകള്‍ തുടങ്ങി കേന്ദ്രങ്ങളില്‍ സ്ഥാനാർഥിയെ സ്വീകരിച്ചു. വൈകിട്ട് തുതിയൂരിലാണ് വാഹന പര്യടനം അവസാനിച്ചത്.


