ആവലാതിക്കൊടുവിൽ ആശ്വാസമായി കാരിക്കേച്ചർ
text_fieldsസ്റ്റേഷനിലെത്തിയ മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസക്ക് സി.ഐ ഫൈസൽ കാരിക്കേച്ചർ വരച്ച് സമ്മാനിക്കുന്നു
സമ്മാനിക്കുന്നു
ഫോർട്ട്കൊച്ചി: സ്റ്റേഷനിലെത്തുന്നവരെ ആശ്വാസിപ്പിക്കാൻ കല ആയുധമാക്കി ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ഫോർട്ട്കൊച്ചി സ്റ്റേഷനിലെ സി.ഐ എം.എസ്. ഫൈസലാണ് പരാതിക്കാരെ കാരിക്കേച്ചറിലൂടെ വരക്കുന്നത്. പരാതിയുമായെത്തുന്നവർക്ക് സർക്കിളിനെ നേരിട്ടു കാണണം. ഏറെ സങ്കടം പറയാനുണ്ടാകും. തങ്ങളുടെ വേവലാതികൾ വിവരിക്കുമ്പോൾ സമയം ലഭിക്കുന്ന മുറക്ക് സി.ഐ അവരുടെ ചിത്രം കാരിക്കേച്ചറാക്കി വരച്ച് സമ്മാനിക്കും.
ആവലാതികളുടെ കെട്ടുകൾ അഴിച്ചുവിട്ട പരാതിക്കാർ തങ്ങളുടെ കാരിക്കേച്ചർ ചിത്രം കാണുമ്പോൾ പകുതി ആശ്വാസത്തോടെ ചെറുപുഞ്ചിരിയോടെയായിരിക്കും മടങ്ങുക. സി.ഐ ഫൈസലിനും അത് സന്തോഷം നൽകുന്ന കാര്യമാണ്. പരാതിയുമായെത്തിയ മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസക്ക് കാരിക്കേച്ചർ വരച്ച് നൽകിയതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.