പ്രതീക്ഷകളുടെ ചിറകിൽ മിന്നുംതാരങ്ങൾ വാരാണസിയിൽ
text_fieldsസി.ബി.എസ്.ഇ ക്ലസ്റ്റർ നാഷനൽ അത് ലറ്റിക് മീറ്റിൽ അണ്ടർ 19 പെൺകുട്ടികളുടെ ലോങ് ജമ്പിൽ അഫ്രീൻ ഷക്കീൽ സ്വർണ മെഡൽ നേടിയപ്പോൾ
കാക്കനാട്: വാരാണസിയിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ നാഷനൽ അത്ലറ്റിക് മീറ്റിൽ താരങ്ങളാകാൻ അഫ്രീൻ ഷക്കീലും സംഘവും. അണ്ടർ 19 പെൺകുട്ടികളുടെ ലോങ് ജമ്പിൽ അഫ്രീൻ ഷക്കീൽ സ്വർണ മെഡൽ നേടി പുതുചരിത്രം കുറിച്ചു. 45പേർ മാറ്റുരച്ച മത്സരത്തിലാണ് 5.18 മീറ്റർ ദൂരം ചാടി അഫ്രീൻ സ്വർണം നേടിയത്.
കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ മിന്നും താരത്തിന്റെ ഏഴയലത്ത് പോലും എതിരാളികൾക്ക് എത്താനായില്ല. 2022 മുതൽ ഓരോ വർഷവും ക്ലസ്റ്റർ സ്റ്റേറ്റ് മീറ്റിൽ ലോങ് ജമ്പിൽ തുടർച്ചയായി സ്വർണം നേടിയിരിക്കുകയാണ് അഫ്രീൻ. കഴിഞ്ഞ അണ്ടർ 17 വിഭാഗത്തിലും അഫ്രീൻ തന്നെയായിരുന്നു വിജയി. പോയവർഷം റായ്പൂർ ദേശീയ മീറ്റിൽ സ്വർണം നേടിയ അണ്ടർ 19 പെൺകുട്ടികളുടെ സ്പ്രിന്റ് റിലേ ടീമിലും അംഗമായിരുന്നു.
2023 വാരണാസി സി.ബി.എസ്.ഇ ദേശീയ മീറ്റിൽ അണ്ടർ 17 പെൺ കുട്ടികളുടെ ലോങ് ജമ്പിലും സ്വർണം നേടിയിരുന്നു. അത്ലറ്റിക്സിന് പുറമേ കബഡിയിലും സൂപ്പർ താരമാണ് അഫ്രീൻ. തിരുവനന്തപുരത്ത് നടന്ന സി.ബി.എസ്.ഇ കബഡി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഭവൻസ് ടീമിലും ഈ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അംഗമായിരുന്നു. 2024ൽ സ്വർണ മെഡലും, 2023ൽ സിൽവർ മെഡലും കബഡിയിൽ നേടി.
ആദർശ വിദ്യാലയ റിലേ ടീം 2024 നാഷണൽ മീറ്റിൽ സ്വർണ്ണവും 2025 ക്ലസ്റ്റർ മീറ്റിൽ സിൽവർ നേടിയപ്പോഴും അഫ്രിനൊപ്പം കെ.എസ്.അക്ഷിത, ഷ്ലോക ലക്ഷമി വിനോദ് ,ആരുഷി ജിജീഷ് എന്നിവരും ഉണ്ടായിരുന്നു. അണ്ടർ 14, 17, 19 വിഭാഗങ്ങളിലെ വിവിധ ഇനങ്ങളിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ സി.കെ.ദേവ്ന, അഭിനവ് ദാസ്, അഗ്നിവേശ് എസ്.നായർ, ഗൗതം ജി.രാജ്, ജുവാന ബിജു, ഇഷിത സുജിത്, ഷ്ലോക ലക്ഷമി വിനോദ്, മഹാദേവ് പ്രിയേഷ്, അഫ്രീൻ ഷക്കീൽ ഉൾപ്പെടെ ഒൻപത് പേരാണ് മൽസരങ്ങളിൽ പങ്കെടക്കാൻ വാരാണസിയിൽ എത്തിയിരിക്കുന്നത്.സ്കൂളിലെ കായിക അധ്യാപകൻ രാജ്കുമാറിന്റെ കീഴിലാണ് പരിശീലനം. ഷക്കീൽ-ശബ്ന ദമ്പതികളുടെ മകളാണ് അഫ്രീൻ ഷക്കീൽ.സഹോദരൻ അർഫാസ്.