Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightചാമ്പ്യൻസ് ബോട്ട് ലീഗ്...

ചാമ്പ്യൻസ് ബോട്ട് ലീഗ് മറൈൻ ഡ്രൈവിൽ

text_fields
bookmark_border
ചാമ്പ്യൻസ് ബോട്ട് ലീഗ് മറൈൻ ഡ്രൈവിൽ
cancel

കൊച്ചി: കായലോളങ്ങളെ കീറിമുറിച്ച് പായുന്ന ചുണ്ടൻ വള്ളങ്ങളുടെ കാഴ്ചക്ക് കൊച്ചി നഗരത്തിൽ വേദി ഒരുങ്ങുന്നു. കേരളം കണ്ട അതികായരായ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ ചാട്ടുളിപോലെ ചീറിപ്പായുന്ന വീറുറ്റ പോരാട്ടത്തിന് ഒക്ടോബർ 10ന് മറൈൻഡ്രൈവ് കായൽ സാക്ഷ്യം വഹിക്കും. ഇതിനൊപ്പം ഇന്ദിരാഗാന്ധി എവർറോളിങ് ട്രോഫിക്കായുള്ള ഇരുട്ടുകുത്തി വള്ളങ്ങളുടെ പ്രത്യേക മത്സരങ്ങളും നടക്കും. എല്ലാം ചേർന്ന ജല മാമാങ്കത്തിനാണ് കൊച്ചി കായലിൽ വേദി ഒരുങ്ങുന്നത്.

ഇതിന് ശേഷം ഇതേ ചുണ്ടനുകൾ ഒക്ടോബർ 10ന് പിറവത്തും മത്സരത്തിനെത്തും. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ആറാം സീസൺ മത്സരങ്ങളുടെ അഞ്ചും ആറും വേദികളാണ് ജില്ലയിലെ മറൈൻഡ്രൈവും പിറവവും. ശനിയാഴ്ച ആലപ്പുഴ കരുവാറ്റ ലീഡിങ് ചാനൽ വാട്ടർ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ സി.ബി.എൽ മത്സരങ്ങൾക്ക് തുടക്കമായത്.

ആലപ്പുഴയിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങളാണ് സി.ബി.എല്ലിൽ മാറ്റുരക്കുന്നത്. കന്നിപ്പോരാട്ടത്തിനിറങ്ങി നെഹ്റു ട്രോഫിയിൽ മുത്തമിട്ട അരോമ ചുണ്ടനാണ് ഇത്തവണത്തെ താരം. അരോമ ബോട്ട് ക്ലബാണ് അരോമയിലെ തുഴച്ചിൽകാർ. കരുവാറ്റ ലീഡിങ് ചാനലിൽ സി.ബി.എല്ലിന് തുടക്കമിട്ട് നടന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിലും അരോമ ചുണ്ടനാണ് ഒന്നാംസ്ഥാനം. മേൽപ്പാടം ചുണ്ടനും നിരണം ചുണ്ടനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഇവരെല്ലാം ഒക്ടോബർ 10ന് മറൈൻ ഡ്രൈവിലും 17ന് പിറവത്തും അണിനിരക്കും.

പിറവം വള്ളംകളി ഒക്ടോബര്‍ 17ന്

പിറവം വള്ളംകളി മത്സരം ഒക്ടോബര്‍ 17 ന് നടക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായും ടൂറിസം വകുപ്പിന്‍റെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി.ബി.എല്‍) ഭാഗമായും മൂവാറ്റുപുഴയാറില്‍ അരങ്ങേറുന്ന ജലമേളയില്‍ നെഹ്‌റു ട്രോഫിയില്‍ ഒന്നാമതെത്തിയ ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ മാറ്റുരക്കാനെത്തും.

മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ച് വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, കെ. കരുണാകരന്‍, മുന്‍മന്ത്രി ടി.എം. ജേക്കബ്, പിറവം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഉമാദേവി അന്തര്‍ജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് വിജയികളെ കാത്തിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി പി.സി. വിഷ്ണുനാഥിന്‍റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാനതല സംഘാടക സമിതി യോഗത്തില്‍ മന്ത്രിമാരായ അനൂപ് ജേക്കബ്, എം. ലിജു, എം.എല്‍.എമാരായ ടി.ജെ. വിനോദ്, സജി ചെറിയാന്‍, ഉല്ലാസ് കോവൂര്‍, പിറവം നഗരസഭാധ്യക്ഷന്‍ കെ.ആര്‍. പ്രദീപ്കുമാര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ എം. അഞ്ജന തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇരുട്ടുകുത്തിയിൽ പുരുഷ, വനിത ടീമുകളുടെ മത്സരം

സി.ബി.എൽ വള്ളംകളിയുടെ ഭാഗമായി ഒക്ടോബർ 10ന് പുരുഷന്മാരുടെയും വനിതകളുടെയും ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്ക് കാഷ് അവാർഡുകളും ഇന്ദിരാഗാന്ധി എവർറോളിങ് ട്രോഫിയും സമ്മാനിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ആവേശത്തോടൊപ്പം നടക്കുന്ന മത്സരം എറണാകുളം മറൈൻ ഡ്രൈവിൽ വള്ളംകളി പ്രേമികൾക്കും പൊതുജനങ്ങൾക്കും ആവേശകരമായ കാഴ്ചയാകും.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഇരുട്ടുകുത്തി വള്ളങ്ങളുടെ ഉടമകൾ, ബോട്ട് ക്ലബുകൾ, ടീമുകൾ എന്നിവർ ഒക്ടോബർ ഒന്നിന് മുമ്പായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി), എറണാകുളം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. മത്സരവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, വള്ളങ്ങളുടെ യോഗ്യത, മത്സര നിബന്ധനകൾ, മത്സരക്രമം, സമ്മാനത്തുക, മറ്റ് വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസുമായി ബന്ധപ്പെടണമെന്ന് എം.എൽ.എ അറിയിച്ചു. ഫോൺ: 9947131170.

സി.ബി.എല്ലിൽ മാറ്റുരക്കുന്ന വള്ളങ്ങൾ

  • അരോമ ചുണ്ടൻ
  • നടുഭാഗം ചുണ്ടൻ
  • വീയപുരം ചുണ്ടൻ
  • മേൽപ്പാടം ചുണ്ടൻ
  • നിരണം ചുണ്ടൻ
  • ആർപ്പൂക്കര ചുണ്ടൻ
  • ചെറുതന ചുണ്ടൻ
  • നിരണം പുണ്യാലൻ
  • തലവടി ചുണ്ടൻ

Show Full Article
TAGS:Champions Boat League marine drive Kerala Tourism Boat race 
News Summary - Champions Boat League at Marine Drive
Next Story