നാടിന്റെ മുത്തശ്ശി വിദ്യാലയം; ചൊവ്വര ഗവ.എച്ച്.എസ്.എസ്
text_fieldsകാലടി: 127 വർഷം പൂര്‍ത്തീകരിക്കുന്ന ചൊവ്വര ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിലെ മുത്തശ്ശി വിദ്യാലയമാണ്. പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന മനോഹര ഗ്രാമമാണ് ചൊവ്വര. രാജഭരണകാലത്ത് കൊച്ചി രാജാക്കന്മാരുടെ വേനല്‍ക്കാല വസതികള്‍ ചൊവ്വരയില്‍ പെരിയാറിന്റെ തീരത്ത് പണികഴിപ്പിച്ചിരുന്നു. പില്ക്കാലത്ത് ഇവ മറ്റ് പല സ്ഥാപനങ്ങളുമായി മാറി.
കൊച്ചി രാജാവ് 1897ല്‍ ആരംഭിച്ച വെള്ളാരപ്പിള്ളി പാളികാസദനമാണ് 1968ല്‍ ജൂനിയര്‍ ബേസിക് സ്കൂളായും പിന്നീട് യു.പി സ്കൂളായും 1994ല്‍ ഹൈസ്കൂളായും മാറിയത്. ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ ഇന്ന് മുന്‍നിരയിലാണ് ഈ സ്കൂൾ. പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ചൊവ്വര പരമേശ്വരന് ഉൾപ്പെടെ കലാ, സാഹിത്യ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രമുഖർക്ക് ജന്മമേകിയ നാടാണ് ചൊവ്വര. 2019ലെ പ്രളയത്തെ അതിജീവിച്ചാണ് വിദ്യാലയം മുന്നോട്ട് പോകുന്നത്. മൂന്ന് ദിവസം ജനൽപൊക്കത്തോളം ഉയര്‍ന്ന വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ ഓഫിസ് രേഖകള്‍ക്കും കമ്പൂട്ടറുകള്ക്കും ഫര്‍ണിച്ചറുകള്‍ക്കും സാരമായ നാശം സംഭവിച്ചിരുന്നു. ദിവസങ്ങളുടെ കഠിനാധ്വാനംകൊണ്ടാണ് ക്ലാസ് മുറികളെല്ലാം ശുചീകരിച്ചത്.
സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ആപ്തവാക്യവുമായി 2014 മുതല്‍ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) സ്കൂളിൽ പ്രവർത്തിക്കുന്നു. എസ്.പി.സി യൂനിറ്റും സജീവമാണ്. സ്കൂളിലെ സഹോദരിമാരായ സഹപാഠികൾക്ക് എന്‍.എസ്.എസ് യൂനിറ്റ് വീട് നിർമിച്ച് നൽകിയിരുന്നു.
ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്ത കുട്ടികൾക്കായി ‘കരുതല്‍’ പദ്ധതിയും നടപ്പാക്കി. രക്തദാനക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. എന്‍.എസ്.എസ് വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്തുന്ന പണം നിർധന രോഗികൾക്ക് മരുന്ന് വാങ്ങാന്‍ നല്കുന്ന ‘സാന്ത്വനം’ പദ്ധതിയും നടപ്പാക്കി. പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങൾ, പച്ചക്കറി കൃഷി, പേപ്പര്‍ ബാഗ് വിതരണം, പൊതുസ്ഥലങ്ങളുടെ ശുചീകരണം, ബോധവത്കരണ റാലികള്‍ തുടങ്ങിയവയും എന്‍.എസ്.എസ് ഏറ്റെടുത്ത് നടപ്പാക്കുന്നു. 2012ആഗസ്റ്റ് എട്ടിന് ആരംഭിച്ച എസ്.പി.സി യൂനിറ്റ് പത്ത് ബാച്ചുകൾ പൂര്‍ത്തീകരിച്ചു.
എക്സൈസ്, അഗ്നിരക്ഷ സേന, വനം വകുപ്പുകളുടെ സഹകരണം എസ്.പി.സി പ്രവർത്തനങ്ങള്ക്കുണ്ടെന്ന് പ്രിന്‍സിപ്പല്‍ എം. ശ്രീകുമാര്‍ പറഞ്ഞു. നിലവിൽ സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ മുറി, സയൻസ് ലാബ്, ആധുനിക പ്രോജക്ടറുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ടെന്ന് ഹൈസ്കൂൾ പ്രധാനാധ്യാപിക എ.എസ്. ഷീല പറഞ്ഞു.
പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ 800ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് സ്വന്തമായി കളിസ്ഥലം ഇല്ല എന്നത് പ്രധാന പോരായ്മയാണെന്ന് പൂർവവിദ്യാർഥി കൂടിയ പി.ടി.എ പ്രസിഡന്റ് വിപിൻദാസും വൈസ് പ്രസിഡന്റും മുന്‍ ഗ്രാമപഞ്ചയാത്ത് അംഗവുമായ മഞ്ജു നവാസും പറഞ്ഞു. എന്നിട്ടും വിദ്യാലയത്തിലെ പല കുട്ടികളും കായിക ഇനങ്ങളില്‍ സംസ്ഥാനതലംവരെ മത്സരത്തില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്.
നിരവധി തവണ മുഖ്യമന്ത്രി മുതല്‍ താഴെ തട്ടിലുള്ള ജനപ്രതിനിധികൾക്കുവരെ പരാതി കൊടുത്തിട്ടും തീരുമാനമായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സ്കൂളിന്റെ വിജയകരമായ പ്രയാണത്തില്‍ പങ്കുചേരാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പൂർവ വിദ്യാർഥിയും കേരള ഫുട്ബാള്‍ അസോസിയേഷന് മുന്‍ പ്രസിഡന്റുമായ കെ.എം.ഐ. മേത്തർ പറയുന്നു.


