ആഘോഷത്തിരക്കിൽ നാട്; ഉത്സവാവേശത്തിൽ വിപണി
text_fieldsക്രിസ്മസ്-പുതുവത്സര ആഘോഷത്തിന് ബ്രോഡ്വേയിൽ അലങ്കാരങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്ക്
കൊച്ചി: നാടും നഗരവും ക്രിസ്മസ്-പുതുവത്സര ആഘോഷത്തിരക്കിലേക്ക്. നക്ഷത്രത്തിളക്കവും കേക്കിന്റെ മധുരവും പുതുവസ്ത്രങ്ങളുടെ ‘വൈബു’മായി വിപണിയും ഉത്സവ ആവേശത്തിലാണ്. തെളിഞ്ഞ കാലാവസ്ഥയിൽ ആഘോഷ പരിപാടികളും മേളകളുമായി സംഘടനകളും സാംസ്കാരിക കൂട്ടായ്മകളും സജീവമായിക്കഴിഞ്ഞു. നാട്ടിൻപുറങ്ങളിൽ പ്രാദേശികമായ ആഘോഷപരിപാടികൾക്കും അരങ്ങുണർന്നു. പുതുസഹസ്രാബ്ദത്തിലെ ആദ്യ കാൽനൂറ്റാണ്ടിലെ അവസാന ക്രിസ്മസും തുടർന്നെത്തുന്ന പുതുവത്സരവും നാടറിയുന്ന ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ് എവിടെയും.
നക്ഷത്രത്തിളക്കം, കേക്കിെന്റ മധുരം
കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യങ്ങളുമായി മിന്നിത്തിളങ്ങുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളുടെ തിളക്കമാണ് വിപണിയെ പ്രകാശമാനമാക്കുന്നത്. ചൈനീസ് മോഡലുകളാണ് ഇവിടെയും താരം. എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെങ്കിലും പരമ്പരാഗത കടലാസ് നക്ഷത്രങ്ങൾക്കും ആവശ്യക്കാർ കുറവല്ല. എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 120 രൂപ മുതൽ 1200 രൂപ വരെയാണ് വില. കടലാസ് നക്ഷത്രങ്ങൾക്ക് 100 മുതൽ 500 വരെയും.
ക്രിസ്മസ് പപ്പാ തൊപ്പികൾ, വിവിധയിനം അലങ്കാര ദീപങ്ങൾ, പുതിയ ട്രെൻഡായ മഴത്തുള്ളി ലൈറ്റുകൾ, ഫൈബർ മുതൽ പനയോലയിൽവരെ ഒരുക്കിയ കൃത്രിമ പുൽക്കൂടുകൾ, സാന്താക്ലോസ്, ക്രിസ്മസ് ട്രീകൾ എന്നിവയും വ്യത്യസ്ത വിലയിലും രൂപത്തലുമുള്ളവ ലഭ്യമാണ്.
കേക്ക് വിപണിയിലും വൈവിധ്യത്തിനും പുതുമകൾക്കും കുറവില്ല. ടിന്നിലടച്ചതടക്കം പ്ലംകേക്കുകൾ തന്നെയാണ് മുഖ്യ ഇനം. അവയിൽതന്നെ എക്സോട്ടിക് പ്ലം, റിച്ച് ഫ്രൂട്ട്, ഫ്രൂട്ട് ആൻഡ് നട്ട് എന്നിങ്ങനെ പലതരം വെറൈറ്റികൾ. 300 മുതൽ 2000 രൂപ വരെയാണ് വില. ബട്ടർ, ചോക്ലേറ്റ്, കാരറ്റ് ആൻഡ് ഡേറ്റ്സ്, ബട്ടർസ്കോച്ച്, ഓറഞ്ച്, ബനാന തുടങ്ങിയ കേക്കുകൾക്കും ആവശ്യക്കാരുണ്ട്. ജി.എസ്.ടിയിലുണ്ടായ മാറ്റത്തെത്തുടർന്ന് ഇത്തവണ കേക്കിന്റെ വിലയിൽ 40 ശതമാനംവരെ കുറവുണ്ടായതായി വ്യാപാരികൾ പറയുന്നു.
വിലക്കുറവിെന്റ മേളകൾ
പുതുവത്സരംവരെ നീളുന്ന വ്യത്യസ്ത വിപണന മേളകൾക്കും തുടക്കമായി. വിലക്കുറവും സമ്മാന പദ്ധതികളുമൊക്കെയാണ് വാഗ്ദാനം. സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ജില്ല ഫെയറിന് എറണാകുളം മറൈൻഡ്രൈവ് ഹെലിപ്പാഡ് മൈതാനത്ത് തിങ്കളാഴ്ച തുടക്കമായി. ജനുവരി ഒന്നുവരെ നീളും. ജില്ലയിൽ തൃപ്പൂണിത്തുറ ലാഭം സൂപ്പർ മാർക്കറ്റ്, ആലുവ സൂപ്പർ മാർക്കറ്റ്, കടവന്ത്ര ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, ചുള്ളിക്കൽ പീപിൾസ് ബസാർ, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, പിറവം ഹൈപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, നോർത്ത് പറവൂർ പീപിൾസ് ബസാർ, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ് എന്നിവയും ക്രിസ്മസ്-പുതുവത്സര ഫെയറുകളായി പ്രവർത്തിക്കും. എറണാകുളം കലൂർ ഖാദി ടവറിൽ ക്രിസ്മസ്-പുതുവത്സര മേളക്ക് തുടക്കമായിട്ടുണ്ട്. കൺസ്യൂമർഫെഡ് ജില്ലയിലെ 170 സൂപ്പർ മാർക്കറ്റുകൾവഴി നടത്തുന്ന ചന്തകൾക്കും തിങ്കളാഴ്ച തുടക്കമായി. ജനുവരി ഒന്നുവരെയാണ് പ്രവർത്തനം.
പ്രമുഖ സൂപ്പർ മാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും വസ്ത്രശാലകളും സമ്മാന പദ്ധതികളും വൻ വിലക്കിഴിവുകളുമായി ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരുക്കി. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, വസ്ത്രങ്ങൾ എന്നിവയുടെയെല്ലാം വിപുല ശേഖരവും വ്യത്യസ്ത വാഗ്ദാനങ്ങളുമാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കാഴ്ചകൾ കളർഫുൾ
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച വർണാഭ പരിപാടികളാണ് നാടെങ്ങും. പള്ളികൾക്ക് കീഴിൽ നടക്കുന്നവക്ക് പുറമെ കരോൾ സന്ധ്യകൾ, കരോൾഗാന മത്സരങ്ങൾ, വ്യത്യസ്തതരം ദൃശ്യാവിഷ്കാരങ്ങൾ, കലാപ്രകടനങ്ങൾ, പ്രദർശനങ്ങൾ, വർണാഭമായ റാലികൾ, പുതുവത്സര കാർണിവലുകൾ എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടുന്നു.
ക്രിസ്മസ് റാലികളിൽ പാപ്പമാരുടെ വേഷമണിഞ്ഞ് വിശ്വാസികളും ഫ്ലോട്ടുകളും അണിനിരക്കാറുണ്ട്. പള്ളികളിൽ ക്രിസ്മസിനോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകളും നടക്കും. ഫോർട്ട്കൊച്ചിക്ക് ഉത്സവരാവുകൾ സമ്മാനിച്ച് പുതുവർഷദിനംവരെ നീളുന്ന കാർണിവൽ ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചു. നൂറോളം ക്ലബുകളുടെ കൂട്ടായ്മയിൽ ജനകീയ നവവത്സര ആഘോഷമാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വേദികളിൽ ഗാനമേള, മെഗാ ഷോ, ഡാൻസ്, നാടൻപാട്ട്, ചവിട്ട് നാടകം, മ്യൂസിക് ഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറും.


