സി.പി.എമ്മിലെ വിഭാഗീയത പൂർണമായും തുടച്ചുനീക്കിയെന്ന് സി.എൻ. മോഹനൻ; ഇന്ന് സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിയും
text_fieldsകൊച്ചി: പാർട്ടിയെ ബാധിച്ചിരുന്ന വിഭാഗീയത പൂർണമായി തുടച്ചുമാറ്റിയെന്ന സംതൃപ്തിയോടെയാണ് താൻ സ്ഥാനം ഒഴിയുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഞായാറാഴ്ച ജില്ല സെക്രട്ടറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ ‘മാധ്യമ’ ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ വിഭാഗീയത പാർട്ടിയെ ദോഷകരമായി ബാധിച്ചിരുന്നു. എന്നാൽ, സെക്രട്ടറിയേറ്റും ജില്ല കമ്മിറ്റിയും ഒത്തൊരുമിച്ച് നിന്നതോടെ അതില്ലാതാക്കാനായി. പാർട്ടി പ്രവർത്തനം സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണെന്ന ചിന്തമാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കുമായി ക്ലാസുകളടക്കമുള്ള പരിപാടികൾ നടത്തി. ഇതെതുടർന്ന് കഴിഞ്ഞ ജില്ല സമ്മേളനം തികഞ്ഞ അച്ചടക്കത്തോടെയാണ് നടന്നത്. 3156 ബ്രാഞ്ച് കമ്മിറ്റികളിൽ എട്ടെണ്ണത്തിലും ആറ് ലോക്കൽ കമ്മിറ്റികളിലുമാണ് ചില്ലറ പ്രശ്നങ്ങളുണ്ടായത്. അതും പരിഹരിക്കപ്പെട്ടു.
വേരോട്ടമുണ്ടാക്കാൻ ജനങ്ങളിലേക്കിറങ്ങണം
ജില്ലയിൽ തെരഞ്ഞെടുപ്പ് രംഗത്ത് നേട്ടമുണ്ടാക്കണമെങ്കിൽ ജനങ്ങളിലേക്കിറങ്ങണം. ഇത് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. തീരമേഖലയിലടക്കം ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള ജില്ലയാണിത്. ഒപ്പം നഗര കേന്ദ്രീകൃത ജനതയും ഏറെയുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രകടമാകുക. ജനകീയ പ്രശ്നങ്ങളിലിടപെട്ട് അവരുടെ വിശ്വാസം ആർജിച്ചാൽ മാത്രമേ നേട്ടമുണ്ടാക്കാൻ കഴിയൂ. ഇത്തരം കാര്യങ്ങളിൽ സജീമായി ഇടപെട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള നിർദേശമാണ് പാർട്ടി അംഗങ്ങൾക്ക് നൽകിയിരിക്കുന്നത്.
വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ
കഴിഞ്ഞ ഏഴ് വർഷവും സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് നിറഞ്ഞ പിന്തുണ നൽകി. എറണാകുളം ജനറൽ ആശുപത്രി, കൊച്ചിൻ കാൻസർ സന്റെർ, കളമശ്ശേരി മെഡിക്കൽ കോളജ് അടക്കം ആരോഗ്യ- പൊതുമരാമത്ത് -വിദ്യാഭ്യാസ മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനമടക്കം കോടികളുടെ പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കിയത്. കൊച്ചി മെട്രോ മൂവാറ്റുപുഴക്ക് നീട്ടുന്നതടക്കമുള്ള വികസന നിർദേശങ്ങളും സർക്കാർ തലത്തിൽ സമർപ്പിച്ചു.
മുനമ്പം; പാർട്ടി നിലപാട് ശരിയെന്ന് തെളിഞ്ഞു
മുനമ്പത്തെ ജനങ്ങളെ കുടിയിറക്കരുതെന്ന് ആദ്യമായി നിലപാടെടുത്തത് തങ്ങളാണ്. താനും എസ്. ശർമയുമാണ് ആദ്യ യോഗത്തിൽ പങ്കെടുത്തത്. എന്നാൽ, പിന്നീട് ജനങ്ങളെ കബളിപ്പിച്ച് ബി.ജെ.പി സമരത്തെ ഹൈജാക്ക് ചെയ്തു. തങ്ങൾ പറഞ്ഞ നിലപാടായിരുന്നു ശരിയെന്ന് ഇപ്പോൾ അവിടത്തെ ജനങ്ങൾക്ക് മനസ്സിലായി. വർഗീയ അജണ്ട നടപ്പാക്കാനായി ബി.ജെ.പി കബളിപ്പിക്കുകയായിരുന്നെന്നും ഇപ്പോൾ വ്യക്തമായി.
നടപ്പാക്കിയത് വൈവിധ്യമാർന്ന പരിപാടികൾ
ജില്ല സെക്രട്ടറിയെന്ന നിലയിൽ കഴിഞ്ഞ ഏഴ് വർഷം ജില്ലയിൽ വിവിധ പരിപാടികൾ നടപ്പാക്കി. അഭിമന്യൂ സ്മാരകം, ടി.കെ. സ്മാരക ഹാൾ അടക്കം ഇതിൽപെടും. ടൗൺഹാളിന് സമീപം ഓഡിറ്റോറിയത്തിനും ഓഫിസിനുമായി 17 സന്റെ് സ്ഥലം വാങ്ങി. കനിവ് പാലിയേറ്റിവ് സെന്ററിന് കീഴിൽ ജില്ലയിൽ 20 ഫിസിയോതെറപ്പി സെൻററുകൾ തുടങ്ങി. അവിടങ്ങളിൽ ആയിരകണക്കിന് പാവപ്പെട്ട രോഗികൾക്കാണ് ആശ്വാസമേകുന്നത്. ഇതോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ല സെക്രട്ടറി; തീരുമാനം ഇന്ന്
കൊച്ചി: സി.പി.എമ്മിന്റെ പുതിയ ജില്ല സെക്രട്ടറിയെ ഞായറാഴ്ച തെരഞ്ഞെടുക്കും. നിലവിലെ ജില്ല സെക്രട്ടറിയായ സി.എൻ. മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെയാണ് ജില്ലയിൽ പുതിയ സെക്രട്ടറി വരുന്നത്. ഞായറാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേരുന്ന ജില്ല കമ്മിറ്റിയോഗമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. ഇതോടൊപ്പം പുതിയ ജില്ല സെക്രട്ടറിയേറ്റും രൂപവത്കരിക്കും.
ജില്ല സെക്രട്ടറിയാരെന്ന് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയിൽ ധാരണയായതായാണ് വിവരം. ഇത് ജില്ല കമ്മിറ്റി അംഗീകരിച്ച ശേഷമാകും പ്രഖ്യാപനം. നിലവിലെ സൂചനകൾ പ്രകാരം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡൻറുമായ എസ്. സതീശിനാണ് മുൻതൂക്കമെന്നാണ് വിവരം. എന്നാൽ, ഇതോടൊപ്പം ജില്ലയിലെ മുതിർന്ന നേതാക്കളായ പി.ആർ. മുരളീധരൻ, സി.ബി. ദേവദർശനൻ, ജോൺ ഫെർണാണ്ടസ്, എം. അനിൽകുമാർ എന്നിവരുടെ പേരുകളും സജീവമായി ഉയർന്ന് കേൾക്കുന്നുണ്ട്.