ക്ഷാമവും വിലക്കയറ്റവും സി.എൻ.ജിക്കാർക്കും പണികിട്ടി
text_fieldsകൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവക്കെല്ലാം ഇടക്കിടെ വില വർധിപ്പിക്കുമ്പോഴും സി.എൻ.ജി (കംപ്രസ്ഡ് നാചുറൽ ഗ്യാസ്) വാഹന ഉടമകൾക്കൊരു പ്രതീക്ഷയുണ്ടായിരുന്നു, തങ്ങളുടെ ഇന്ധനത്തിന് അങ്ങനെയും ഇങ്ങനെയും വില കൂടില്ലെന്ന്. എന്നാലിപ്പോൾ വിലയിൽ വൻ കുതിച്ചുചാട്ടത്തിനൊപ്പം സി.എൻ.ജി ക്ഷാമവുംകൂടി വന്നതോടെ ആകെ മൊത്തം പണികിട്ടിയ അവസ്ഥയിലാണ് ഡ്രൈവർമാർ. സി.എൻ.ജിയിലോടുന്ന ഓട്ടോ, ടാക്സി, ഡ്രൈവർമാർക്കാണ് പുതിയ പ്രതിസന്ധി ഇരുട്ടടിയായത്.
വില കൂടില്ലെന്ന വാഗ്ദാനം കേട്ട്...
മൂന്നരവർഷം മുമ്പാണ് കൊച്ചിയിലുൾപ്പെടെ സി.എൻ.ജി വാഹനങ്ങൾ നിരത്തിലെത്തിത്തുടങ്ങിയത്. കിലോക്ക് 54 രൂപയായിരുന്നു അന്നത്തെ വില -പെട്രോളിനേക്കാളും ഡീസലിനേക്കാളും എത്രയോ വിലക്കുറവ്.
പോരാത്തതിന്, 10 വർഷത്തേക്ക് വില കൂട്ടില്ലെന്ന കമ്പനിയുടെ മോഹനവാഗ്ദാനവും. തുടക്കത്തിൽ പലരും മടിച്ചെങ്കിലും പിന്നീട് ഇന്ധന ചെലവോർത്ത് ഓട്ടോറിക്ഷക്കാരുൾപ്പടെ സി.എൻ.ജിയിലേക്ക് ചുവടുമാറി. അന്ന് ജില്ലയിൽ നൂറിൽതാഴെ ഓട്ടോകളുള്ളിടത്ത് ഇന്ന് ആയിരത്തിനു മുകളിലായി സി.എൻ.ജി ഓട്ടോകളുടെ മാത്രം എണ്ണം. ടാക്സികളും സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും വേറെയും.
ഇതിനിടെ ഇടക്ക് ചെറിയ വർധവുകളുണ്ടായെങ്കിലും ദിവസങ്ങൾക്കുമുമ്പ് ഒറ്റയടിക്ക് ഒമ്പതുരൂപ വർധിച്ചു, ഇതോടെ സി.എൻ.ജി കിലോക്ക് 80 രൂപയായി. വില കൂട്ടില്ലെന്ന വാക്കുവിശ്വസിച്ച് സി.എൻ.ജിയിലേക്ക് മാറിയവരാണ് ഇതോടെ അക്ഷരാർഥത്തിൽ ഞെട്ടിയത്. ഇതുസംബന്ധിച്ച് അന്വേഷിക്കുമ്പോൾ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും കമ്പനികളാണ് വിലക്കയറ്റത്തിനു പിന്നിലെന്നുമാണ് ഡീലർമാർ പറയുന്നതെന്ന് കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ(യു.ഡബ്ല്യു.ഇ.സി) ജില്ല പ്രസിഡൻറ് റഷീദ് താനത്ത് ചൂണ്ടിക്കാട്ടി.