കാർണിവൽ പതാക ഉയർന്നു; കൊച്ചിക്ക് ഇനി ആഘോഷത്തിന്റെ ദിനരാത്രങ്ങൾ
text_fieldsകൊച്ചിൻ കാർണിവലിന് തുടക്കം കുറിച്ച് കെ.ജെ മാക്സി എം.എൽ.എ പതാക ഉയർത്തുന്നു
ഫോർട്ട് കൊച്ചി: കൊച്ചിക്ക് ഇനി ഉത്സവ രാവുകൾ. കൊച്ചി കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറി. ഇനി പുതുവർഷദിനം വരെ കൊച്ചി ആഘോഷ ലഹരിയിലായിരിക്കും കലാ, കായികം , സാഹസികം, സാഹിത്യം, രചന, സാംസ്കാരിക മത്സരങ്ങളും നവ വത്സരദിന കാഴ്ചകളുമായി രാപകൽ നടക്കുന്ന ആഘോഷങ്ങൾ കൊച്ചിയെ ഉത്സവ ദിനങ്ങളാക്കി മാറ്റും. കൊച്ചിയിലെ നൂറോളം ക്ലബ്ബുകളുടെ കുട്ടായ്മയിൽ ജനകീയമായ നവവത്സരാഘോഷം വിനോദസഞ്ചാര മേഖലയിൽ ഇതിനകം ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. കെ.ജെ മാക്സി എം.എൽ.എ കാർണിവൽ പതാക ഉയർത്തി.
പിറകെ കാർണിവൽ അംഗ ക്ലബുകളുടെ പതാകകൾ അതാത് സംഘടനാ ഭാരവാഹികളും ഉയർത്തി. 96 ക്ലബുകളുടെ പതാകകളാണ് ഉയർത്തിയത്. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റ് രാജ് കുമാര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ ഷൈനി മാത്യൂ, പി.ജെ ദാസന്, കവിത ഹരികുമാര്‍, നിഷ ജോസഫ്, ജോസഫ് ഫെര്‍ണാണ്ടസ്, കെ.ജെ പ്രകാശന്, സുഹാന സുബൈര്‍, മഞ്ജുള അനില്‍കുമാര്‍, കെ.എ മനാഫ്, റഹീന റഫീക്ക്, കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, മുന്‍ കൗണ്‍സിലര്‍ ഷീബ ലാൽ, മുന്‍ മേയര്‍ കെ.ജെ സോഹന്‍, കാർണിവൽ ജനറൽ സെക്രട്ടറി സോമൻ.എം മേനോൻ, ജനറൽ കൺവീനർ എ.എച്ച് ഹിദായത്ത് എന്നിവര്‍ സംസാരിച്ചു.
ഞായറാഴ്ച രാവിലെ മുതൽ തന്നെ വിവിധ മത്സരങ്ങള്‍ തന്നെ വിവിധ ആരംഭിച്ചു. വൈകീട്ട് മെഗാ ഷോ അരങ്ങേറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡീജെ, ഗാനമേള, മെഗാഷോ, മ്യൂസിക് ഫെസ്റ്റ്, കരോക്കെ, നാടൻ പാട്ട്, ഡാൻസ്, ചവിട്ട് നാടകം, മെഗാ മ്യൂസിക് ഷോ എന്നീ പരിപാടികൾ പള്ളത്ത് രാമൻ മൈതാനം, പരേഡ് മൈതാനം, വാസ്ക്കോഡ ഗാമ സ്ക്വയർ, നെഹ്റു പാർക്ക്, ബാസ്റ്റിൻ ബംഗ്ളാവ്, ദ്രോണാചാര്യ മൈതാനം, മുണ്ടംവേലി കോർപറേഷൻ മൈതാനം എന്നിവിടങ്ങളിൽ പരിപാടികൾ നടക്കും.
മോട്ടോർ ബൈക്ക് റെയ്സ്, സ്കൂട്ടർ റാലി, വെറ്ററൻസ് ഫുട്ബോൾ, കുറാഷ്, ഗാട്ടാ ഗുസ്തി, തേക്കൂട്ടം കളി,ഷട്ടിൽ, കയാക്കിങ്, ചൂണ്ടയിടൽ, വഞ്ചി തുഴയൽ, കളരി പയറ്റ്, നീന്തൽ മത്സരം തുടങ്ങിയ കായിക ഇനങ്ങളും ഗാനാലാപനം, കോലം വരയ്ക്കൽ, രംഗോലി, മെഹന്ദി, ചിത്ര രചന എന്നിവയുമുണ്ടാകും. ഡിസംബർ 31ന് അർദ്ധരാത്രി കുറ്റൻ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കും. പതിനായിരങ്ങളാണ് ഇത് കാണാനെത്തുന്നത്. പുതു വത്സര ദിനത്തിൽ നടക്കുന്ന റാലിയോടെ കാർണിവൽ സമാപിക്കും. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ദക്ഷിണ ഭാരത കളരി സംഘത്തിന്റെ വീരാംഗനമാര്‍ അവതരിപ്പിച്ച കളരിപയറ്റും ശ്രദ്ധേയമായി.


