ലൈഫ് മിഷൻ; പൂർത്തീകരിച്ചത് 41,617 വീട്, 101 ഫ്ലാറ്റ്
text_fieldsകൊച്ചി: ജില്ലയിൽ ലൈഫ് മിഷൻ മുഖേന ഇതുവരെ പൂർത്തീകരിച്ചത് 41,617 വീടുകൾ. കൂടാതെ 101 ഫ്ലാറ്റുകളുടെ നിർമാണവും നടത്തി. സംസ്ഥാനത്തെ എല്ലാഭവന രഹിതർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സമഗ്രപദ്ധതിയാണ് ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി.
ഒമ്പത് വർഷത്തിനിടെ ജില്ലയിൽ 9309 എസ്.സി, 885 എസ്.ടി, 2072 ഫിഷറീസ് കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടുകൾ നിർമിക്കുന്നതിന് കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ 8474 എസ്.സി, 662 എസ്.ടി, 1764 ഫിഷറീസ് കുടുംബങ്ങൾ ഭവനനിർമാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂമി ഇല്ലാത്തവർക്കായി പദ്ധതികൾ
സ്ഥലം ഇല്ലാത്തവർക്ക് അത് വാങ്ങുന്നതിന് ലൈഫ് മിഷൻ മുഖേന ധനസഹായം അനുവദിക്കുന്നില്ല. അതേസമയം, തദ്ദേശ സ്ഥാപനങ്ങൾ, പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് എന്നിവ മുഖേനയും മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ, ലൈഫ് ചിറ്റിലപ്പള്ളി ഭവനപദ്ധതി എന്നിവയുടെ ഭാഗമായി ലഭിക്കുന്ന ഭൂമിയും ഗുണഭോക്താക്കൾക്ക് നൽകുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇപ്രകാരം 45,755 ലൈഫ് ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത-ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേക്കായി തയാറാക്കിയ ഭൂരഹിതര്‍/ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വേ നടത്തി അര്‍ഹരായവരെ കണ്ടെത്തുന്നതാണ് ലൈഫ് പദ്ധതിയുടെ രീതി. കൂടാതെ ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തും.


