ദുരന്തത്തിന് കാതോർത്ത് കച്ചേരിത്താഴം ബസ് കാത്തിരിപ്പുകേന്ദ്രം
text_fieldsമൂവാറ്റുപുഴ: ദുരന്തത്തിന് കാതോർത്ത് കച്ചേരിത്താഴത്തെ വവ്വാൽ ബസ് കാത്തിരിപ്പുകേന്ദ്രം. നൂറുകണക്കിനാളുകൾ ബസ് കാത്തുനിൽക്കുന്ന നഗരമധ്യത്തിലെ കച്ചേരിത്താഴത്ത് ലക്ഷങ്ങൾ മുടക്കി ഏഴുവർഷം മുമ്പ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തുരുമ്പെടുത്ത് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായത്. അറ്റകുറ്റപ്പണികൾ തീർത്ത് നവീകരിക്കാൻ രണ്ടുവർഷം മുമ്പ് നഗരസഭ നാലുലക്ഷം അനുവദിച്ചെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ശക്തമായ മഴയിലും കാറ്റിലും ആളുകൾ ഭയാശങ്കയോടെയാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്.
നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വൻ ദുരന്തത്തിനുതന്നെ വഴിവെക്കും. വവ്വാൽ ചിറകിന്റ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിൽ 40 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ചതാണ് കാത്തിരിപ്പുകേന്ദ്രം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എതിർസ്ഥാനാർഥിക്കെതിരെ പ്രചാരണായുധമാക്കി വിവാദമായതാണിത്. മുൻ എം.പി ജോയ്സ് ജോർജിന്റെ സമയത്താണ് എം.പി ഫണ്ടിൽനിന്ന് പണം അനുവദിച്ച് നിർമിച്ചത്. കൂറ്റൻ തൂണുകൾക്കുമുകളിൽ ടെൻസൈൽ ഫാബ്രിക് ഉപയോഗിച്ചാണ് മേൽക്കൂര തീർത്തത്.
വിലകൂടിയ ടെൻസൈൽ ഫാബ്രിക് ദീർഘകാലം ഈടു നിൽക്കുമെങ്കിലും ഇവ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുപൈപ്പുകളിൽ തുരുമ്പ് വ്യാപിക്കുകയാണ്. തുടക്കത്തിൽ അഴിമതി ആരോപണങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായ കാത്തിരിപ്പു കേന്ദ്രം ഇപ്പോൾ മൂവാറ്റുപുഴയുടെ സൂചകങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. 2019ലാണ് നിർമാണം പൂർത്തിയായത്. ഇതിനുശേഷം ഇന്നുവരെ അറ്റകുറ്റപ്പണി നടന്നിട്ടില്ല. മേൽക്കുരക്കുമുകളിലെ പൈപ്പുകളിൽ തുരുമ്പ് വ്യാപിക്കുന്നതൊഴിവാക്കി പൈപ്പുകൾ ബലപ്പെടുത്താൻ നടപടിയുണ്ടായില്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകും.