കൊലപാതകത്തിലേക്ക് നയിച്ചത് നിരന്തരവഴക്കും സാമ്പത്തിക പരാധീനതയും
text_fieldsമരട്: ചോര്‍ന്നൊലിക്കുന്ന കൂര, മാനസികനില തകര്‍ന്ന മകന്, കടുത്ത സാമ്പത്തിക പരാധീനത... ഒരു കുടുംബത്തെ എത്രത്തോളം തകര്‍ക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചേപ്പനത്തെ കൊലപാതക വാര്‍ത്ത. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം സ്വജീവന്‍ ഒരുമുഴം കയറില്‍ ഇടിഞ്ഞുവീഴാറായ വീടിന്റെ ഉത്തരത്തില്‍ അവസാനിപ്പിച്ച് 65കാരൻ.
വീട്ടില്‍ നിരന്തരം അടിയും ബഹളവുമുണ്ടാകാറുണ്ടെന്ന് പരിസരവാസികളും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. സംഭവം നടന്ന രാത്രിയും ബഹളമുണ്ടായിരുന്നു. രാത്രി രണ്ടോടെ പെയ്ത ശക്തമായ മഴയിലാണ് നാടിനെ നടുക്കിയ സംഭവം. നേരം വെളുത്തപ്പോൾ പതിവായി പാൽ വാങ്ങുന്നതിന് എത്തിയ മണിയന്റെ സഹോദരി ഇന്ദിരയാണ്, മനോജും തന്റെ പ്രിയ സന്തതസഹചാരി സരോജിനിയും വീടിന്റെ ഹാളില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ അലറിക്കരഞ്ഞുകൊണ്ട് മണിയനെ വിളിച്ചോടിയപ്പോള് കണ്ടത് വീട്ടിലെ ആകെയുള്ള മുറിയുടെ ഉത്തരത്തില്‍ മണിയന് കെട്ടിത്തൂങ്ങിക്കിടക്കുന്ന കാഴ്ച.
ദിവസങ്ങള്‍ക്കു മുമ്പേ മണിയന് സുഹൃത്തുക്കളോട് ഉത്സവം കഴിയും മുമ്പേ തങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായി ചില സുഹൃത്തുക്കള്‍ പറയുന്നു. ലോട്ടറി വില്പന നടത്തി ലഭിക്കുന്ന തുച്ഛ വരുമാനത്തിലൂടെയാണ് കുടുംബം പുലര്‍ന്നിരുന്നത്. സരോജിനി ചില ദിവസങ്ങളില്‍ വീട്ടുജോലിക്കും പോകുന്നുണ്ട്. എന്നാല്‍, മാനസികനില തകര്‍ന്ന മകൻ മനോജ് ജോലിക്കൊന്നും പോകാതെ വീട്ടില്‍ തന്നെ ഇരിപ്പായിരുന്നു. മിക്കപ്പോഴും അമ്മയോട് വഴക്കും ചില സമയങ്ങളില്‍ ഉപദ്രവവുമുണ്ടാകാറുള്ളതായി അയല്‍വാസികള്‍ പറയുന്നു.
28ാം വയസ്സിലാണ് മനോജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ഒരു ദിവസം സുഹൃത്തുക്കളുമായി വയനാട് ടൂര്‍ പോയതാണ്. അവിടെ ചുരത്തില്‍ വെച്ച് മുകളില്‍നിന്നും താഴേക്ക് നോക്കുന്നതിനിടെ മനോജിന് തലകറക്കം അനുഭവപ്പെട്ടു. പിന്നീട് വീട്ടിലെത്തിയശേഷം മനോജ് പിച്ചും പേയും പറയാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് സമനില തെറ്റിയ നിലയിലായിരുന്നു. അതുവരെ ഓട്ടോ ഓടിച്ച് വരുമാനമാര്‍ഗം കണ്ടെത്തിയിരുന്ന മനോജ് എങ്ങും പോകാതായി. മനോജിന്റെ ചികിത്സക്കായി കിടപ്പാടം വിറ്റിട്ടുപോലും ഫലമുണ്ടായില്ല. ഇതിനിടെ മനോജ് അക്രമാസക്തനാകുന്നതും പതിവായി. മനോജിനെ കൂടാതെ മറ്റൊരു മകളായ മായയുടെ കല്യാണത്തിനും സ്ഥലം വില്‍ക്കേണ്ടി വന്നു. ഇതോടെ 18 സെന്റ് സ്ഥലമുണ്ടായിരുന്ന മണിയന് ഇപ്പോള്‍ ആകെ മൂന്ന് സെന്റ് മാത്രമാണ് അവശേഷിച്ചത്. കിടപ്പാടം ചോര്‍ന്നൊലിച്ച് ഇടിഞ്ഞുവീഴാറായ നിലയിലാണ്. ലൈഫ് പദ്ധതിയില്‍പ്പെടുത്തി പുതുക്കി പണിയാൻ പൊളിക്കുകയും ചെയ്തിരുന്നു. ഈ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.