ദേശീയപാത 66 നിർമാണം; പെരുമ്പടന്നയിൽ ഗുരുതര വീഴ്ച
text_fieldsദേശീയപാത 66ൽ പെരുമ്പടന്ന ഭാഗത്ത് നടക്കുന്ന അനധികൃത നിർമാണം
പറവൂർ: ദേശീയപാത 66 പെരുമ്പടന്ന റീച്ചിൽ പാത നിർമാണത്തിൽ കരാറുകാരായ ഓറിയന്‍റൽ കൺസ്ട്രക്ഷൻ കമ്പനി ഗുരുതരമായ വീഴ്ച വരുത്തുന്നതായി പരാതി. ഇത് പെരുമ്പടന്ന നിവാസികളെ പൂർണമായും ദുരിതത്തിലാക്കുന്ന സ്ഥിതിയാണ്.
ഈ ഭാഗത്ത് പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും ഉൾപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കലക്ടറും പ്രോജക്ട് ഡയറക്ടറും ഉറപ്പ് പറഞ്ഞിരുന്നു. ഇതൊന്നും പരിഗണിക്കാതെ സർവിസ് റോഡിൽ പാലത്തിനടുത്തുള്ള യുടേൺ അടച്ച് കെട്ടുന്ന നിർമാണമാണ് നടന്നുവരുന്നത്.
ഇത് ആറുവരിപ്പാതയിലെ വാഹനങ്ങൾക്ക് തിരിഞ്ഞ് പോകാനാകാതെ ദുരിതത്തിലാക്കുന്ന നടപടിയാണെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഹൈകോടതി വിധി കാത്തിരിക്കുന്നതിനാൽ ഈ ഭാഗത്ത് അശാസ്ത്രീയ നിർമാണം തൽക്കാലം നിർത്തിയിരിക്കുകയായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും നിർമാണം ആരംഭിച്ചത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അശാസ്ത്രീയ നിർമാണം തടയുമെന്ന് സമര സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.


