കോടികൾ വിലയുള്ള ‘കുഞ്ഞന്മാർ’ ദേ കൊച്ചിയിൽ!
text_fieldsകേരള പോസ്റ്റൽ സർക്കിൾ സംഘടിപ്പിച്ച ഫിലാറ്റലിക് പ്രദർശനം
കൊച്ചി: കണ്ടാൽ കുഞ്ഞനാണ്. പക്ഷേ, കൊച്ചിയിലെത്തിയ ഈ കുഞ്ഞന്മാരുടെ വിലയാകട്ടെ കോടികളും. നാലു കോടിയിലധികം മൂല്യം കണക്കാക്കുന്ന പെന്നി ബ്ലാക്ക് മുതൽ രാജഭരണകാല സ്മരണകൾ ഉയർത്തുന്ന അഞ്ചൽ സ്റ്റാമ്പുകൾ വരെയാണ് ടൗൺഹാളിൽ അണിനിരന്നിരിക്കുന്നത്. ലോകത്തിലെ ആദ്യ സ്റ്റാമ്പായ, ബ്രിട്ടൻ പുറത്തിറക്കിയ പെന്നി ബ്ലാക്ക് ആണ് കൂട്ടത്തിലെ വി.ഐ.പികളിലൊരാൾ. 1840 മേയ് ഒന്നിനാണ് വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത ഈ സ്റ്റാമ്പ് പുറത്തിറക്കിയത്. നാലുകോടി രൂപക്കുവരെ ഈ കറുത്ത ചെറിയ സ്റ്റാമ്പ് ലേലത്തിൽ പോയിട്ടുണ്ട്.
കേരള പോസ്റ്റൽ സർക്കിൾ സംഘടിപ്പിക്കുന്ന 15ാമത് സംസ്ഥാന ഫിലാറ്റലിക് പ്രദർശനമായ കേരാപെക്സ്- 2026ൽ ഇതിനു സമാനമായി വിലപിടിപ്പുള്ള നിരവധി സ്റ്റാമ്പുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 1852 ജൂലൈ ഒന്നിന് ഇന്ത്യയിൽ പുറത്തിറങ്ങിയ ഏഷ്യയിലെ ആദ്യ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് ആണ് മറ്റൊരു താരം. സിന്ധ് പ്രവിശ്യയിലെ അന്നത്തെ കലക്ടർ പുറത്തിറക്കിയ ഈ സ്റ്റാമ്പ് ഇന്ത്യൻ തപാൽ ചരിത്രത്തിലെ അമൂല്യ ശേഖരങ്ങളിലൊന്നാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആദ്യ വാർഷികത്തിൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ ആദ്യ പേഴ്സണാലിറ്റി ഇന്ത്യൻ സ്റ്റാമ്പുകളും പ്രദർശനത്തിലുണ്ട്. വെള്ളിയാഴ്ച സമാപിക്കും.


