സൈബർ പണം തട്ടിപ്പ് വ്യാപകം
text_fieldsആലുവ: സൈബറിടങ്ങളിൽ പണം പോകുന്നവരുടെ എണ്ണം വർധിക്കുന്നു. ഓൺലൈൻ ഷെയർ ട്രേഡിങ്, ലാഭ വിഹിതം, തൊഴിൽ തുടങ്ങിയവയുടെ പേരിലാണ് പണം കൂടുതലായി നഷ്ടപ്പെടുന്നത്. ഇരകളിൽ പലരും വൻ ലാഭവാഗ്ദാനത്തിൽ വീണ് പോകുകയാണ് പതിവ്. ഓൺലൈൻ ട്രേഡിങ്, ഷെയർ ട്രേഡിങ് എന്നിവയിലൂടെ നിരവധി പേർക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. ഇത്തരത്തിൽ പണം നഷ്ടമാകുന്നത് പലരെയും ആത്മഹത്യയിലേക്കും നയിക്കുന്നു.
ആദ്യമാദ്യം നിക്ഷേപിക്കുന്ന തുകകൾക്ക് ലാഭമെന്ന പേരിൽ ഒരു സംഖ്യ തരും. വിശ്വാസമാർജിക്കാനും കൂടുതൽ തുക നിക്ഷേപിക്കാനുമുള്ള അടവാണത്. തുടർന്ന് കുടുതൽ പണം നിക്ഷേപിക്കുകയും തിരിച്ചെടുക്കാൻ കഴിയാതെ തട്ടിപ്പിനിരയാവുകയൂം ചെയ്യും. ഇത്തരം തട്ടിപ്പ് ആപ്പുകളെയും പരസ്യങ്ങളെയും ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് പലതവണ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പുകൾക്കിടയിലും തട്ടിപ്പ് തുടരുകയാണ്.
മേയിൽ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓൺലൈൻ സൈറ്റിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. ഇവരുടെ വാഗ്ദാനംകണ്ട് എടത്തല സ്വദേശിയായ വീട്ടമ്മ തട്ടിപ്പുസംഘം നൽകിയ ഒരു സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്തു. വ്യത്യസ്തങ്ങളായ ഭക്ഷണത്തിന് റേറ്റിങ് നൽകുകയായിരുന്നു അവർ നൽകിയ ടാസ്ക്. വിശ്വാസം പിടിച്ചുപറ്റാൻ തട്ടിപ്പ് സംഘം കുറച്ച് തുക പ്രതിഫലമെന്ന പേരിൽ വീട്ടമ്മക്ക് നൽകി.
കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുക നിക്ഷേപിക്കാൻ നിർബന്ധിച്ചു. തുടർന്ന് വീട്ടമ്മ അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ നിക്ഷേപിച്ച തുകക്ക് ലാഭവിഹിതം എന്നു പറഞ്ഞ് ചെറിയ തുക വീട്ടമ്മക്ക് തിരികെ നൽകി. എന്നാൽ, പിന്നീട് നിക്ഷേപിച്ച പണമെല്ലാം ഇവർ തട്ടിയെടുക്കുകയായിരുന്നു.
സമ്മാന വാഗ്ദാനങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പ്
സമൂഹ മാധ്യങ്ങളിലൂടെയും സമ്മാന വാഗ്ദാനങ്ങളിലൂടെയും സാമ്പത്തിക തട്ടിപ്പ് വ്യാപകമായിട്ടുണ്ട്. ഫേസ്ബുക്കിൽ വ്യക്തിയുടെ പേരും പ്രൊഫൈൽ ഫോട്ടോയും അതുപോലെ അനുകരിച്ച് അവരുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരെ റിക്വസ്റ്റ് അയച്ച് സുഹൃത്തുകളാക്കി സന്ദേശം വഴി പണമാവശ്യപ്പെട്ടുള്ള തട്ടിപ്പ് വ്യാപകമാകുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് പൊലീസിന് ലഭിക്കുന്നത്.
സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്തും സെക്യൂരിറ്റി ഫീച്ചറുകൾ പരാമവധി ഉപയോഗിച്ചും ഇത്തരം തട്ടിപ്പിൽനിന്ന് ഒഴിവാകാനാകും. പ്രശസ്തമായ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് സമ്മാന വാഗ്ദാനങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. സ്ക്രാച്ച് ആൻഡ് വിൻ കാർഡുകൾ അയച്ചാണ് തട്ടിപ്പ് സംഘം ഇരകളെ വീഴ്ത്തുന്നത്. കാർഡ് ചുരണ്ടി നോക്കുമ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയാണ് സമ്മാനമായി രേഖപ്പെടുത്തിയിട്ടുണ്ടാവുക.
ഇത് ലഭ്യമാകുന്നതിന് പല കാര്യങ്ങൾ പറഞ്ഞ് സംഘം പണം തട്ടും. ഓൺലൈനായി ലോൺ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പും ബാങ്ക് അക്കൗണ്ട്, കാർഡ് എന്നിവ ബ്ലോക്കായി എന്നു പറഞ്ഞോ, ക്രഡിറ്റ് ലിമിറ്റ് കൂടിത്തരാമെന്ന് വാഗ്ദാനം ചെയ്തോ ബാങ്കിൽനിന്നാണെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് ഒ.ടി.പി വാങ്ങിയുള്ള ഒൺലൈൻ തട്ടിപ്പും വ്യപകമാകുകയാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ വൻ നഷ്ടം സംഭവിക്കും.
യുവാവിന്റെ ആത്മഹത്യ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് മൂലം
ആലുവ: എടയപ്പുറത്ത് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. യുവാവിന്റെ ആത്മഹത്യ ക്കുറിപ്പിൽനിന്നാണ് പൊലീസ് ഈ നിഗമനത്തിലേക്കെത്തിയത്. എടയപ്പുറം ചാത്തൻപുറം റോഡിൽ കൊടവത്ത് വീട്ടിൽ ഷെബീറിന്റെ മകൻ യാഫിസാണ് (24) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
രാത്രി ജോലികഴിഞ്ഞ് എത്തിയ പിതാവ് ബാത്റൂമിൽ വെള്ളം പോകുന്നതിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിച്ച നിലയിലായിരുന്നു. ഗ്രാഫിക് ഡിസൈൻ മേഖലയിൽ ജോലി നോക്കിയിരുന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിലാണ് സാമ്പത്തിക ബാധ്യതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നത്. തട്ടിപ്പിൽ തന്റെയും പിതാവിന്റെയും പണം നഷ്ടമായെന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. തട്ടിപ്പിൽ യാഫിസിന് 1.45 ലക്ഷം രൂപയാണ് നഷ്ടമായത്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം റൂറൽ സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്.