വോട്ട് പഠിക്കാൻ വോട്ട് ചെയ്ത് കുരുന്നുകൾ; കൗതുകമായി കുട്ടിത്തെരഞ്ഞെടുപ്പ്
text_fieldsതൃക്കാക്കര നഗരസഭയിലെ മൂലേപ്പാടം 47ാം നമ്പർ അംഗൻവാടിയിൽ നടന്ന കുട്ടിത്തെരഞ്ഞെടുപ്പിൽ നിന്ന്
കാക്കനാട്: ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ അണിചേർന്ന് അംഗൻവാടി കുരുന്നുകളും. തൃക്കാക്കര നഗരസഭയിലെ മൂലേപ്പാടം വാർഡിലെ 47ാം നമ്പർ അംഗൻവാടി കുരുന്നുകളാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ അനുസ്മരിച്ച് വോട്ട് ചെയ്തത്. നേരത്തെ കുട്ടികൾ തന്നെ സ്ഥാനാർഥികളായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടായിരുന്നു കുട്ടിത്തെരഞ്ഞെടുപ്പ് നടന്നത്.
പ്രിസൈഡിങ് ഓഫിസറും പോളിങ് ഓഫിസറും ബൂത്ത് ഏജന്റുമാരും വോട്ടർമാരുമെല്ലാം മൂന്ന് വയസ് പ്രായമുള്ള കുരുന്നുകളായിരുന്നു. ഏഴ് പേരായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായത്. ഫാത്തിമ അമാൽ പ്രിസൈഡിങ് ഓഫിസറായപ്പോൾ ലൂക്ക ജോസ് പോളിങ് ഓഫിസറും മുഹമ്മദ് ഐസാം, റബീഉ സമാൻ എന്നിവർ ബൂത്ത് ഏജന്റുമാരായി. സൈമ സമാൻ, ലൂക്ക ജോസ്, അനയിഗ എന്നിവരായിരുന്നു വോട്ടർമാർ.
സാധാരണ തെരഞ്ഞെടുപ്പിലേത് പോലെ സ്ലിപ്പുകളും, ബാലറ്റും തുടങ്ങി വോട്ടർമാരുടെ ചൂണ്ടുവിരലിൽ തേക്കാൻ മഷി വരെ അധികൃതർ ഒരുക്കിയിരുന്നു. കൗതുകത്തിനൊപ്പം വോട്ടെടുപ്പിന്റെ പ്രത്യേകതകളും ആവശ്യകതയും സംബന്ധിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നത് കൂടിയായി കുട്ടിത്തെരഞ്ഞെടുപ്പ്.
അംഗൻവാടി ടീച്ചർ പി.എം. അസ്മ, ഹെൽപ്പർ സി. നിഷ, വിദ്യാർഥിനികളിലൊരാളുടെ മാതാവായ ലൈല ബീവി എന്നിവരുടെ ആശയം യാഥാർഥ്യമായപ്പോൾ കുട്ടികൾക്കൊപ്പം പ്രദേശവാസികൾക്കുമത് കൗതുകക്കാഴ്ചയായി. 17 വിദ്യാർഥികളുള്ള അംഗൻവാടി കഴിഞ്ഞ 10 വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
സ്വന്തമായി അംഗൻവാടി കെട്ടിടം വേണമെന്നതാണ് പ്രദേശവാസികളുടെ ആഗ്രഹം. ഇക്കാര്യം സൂചിപ്പിച്ച് പല തവണ അതികൃതരെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇക്കുറി മത്സരിച്ച മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളും നടപടി സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്.


